
ദില്ലി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വെടിനിർത്തലിലേക്ക് എത്തിയതിൽ ആശ്വാസം നിറഞ്ഞ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ. തീരുമാനം സ്വാഗതം ചെയ്ത് സിപിഎം രംഗത്ത് വന്നപ്പോൾ, ആശ്വാസകരമെന്നായിരുന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഇന്ത്യ ഭീകരവാദത്തിന് ശക്തമായ മറുപടി നൽകിയെന്ന് പറഞ്ഞ ശശി തരൂർ, യുദ്ധം രാജ്യം ആഗ്രഹിച്ചിരുന്നില്ല എന്നും പ്രതികരിച്ചു.
വെടി നിർത്തൽ നടപടി സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ പ്രതികരണം. സംഘർഷത്തിൽ ഏർപ്പെടുന്ന രണ്ട് രാജ്യങ്ങളാണ് ചർച്ച നടത്തേണ്ടത് എന്നാണ് നേരത്തെ സിപിഎമ്മിൻ്റെ നിലപാട്. മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ല. ഓപ്പറേഷൻ സിന്ദൂർ നടന്നതിനു പിന്നാലെ ചർച്ച നടത്തണം എന്ന് ആവശ്യപ്പെട്ടത് സിപിഎമ്മാണ്. പാർലമെൻ്റ് സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
വെടിനിർത്തലിനെ സ്വാഗതം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു ശശി തരൂർ പറഞ്ഞത്. ഇന്ത്യൻ മണ്ണിൽ ആക്രമണം നടത്തിയ തീവ്രവാദികളെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. അത് ചെയ്തു, നീണ്ട കാലം ഏറ്റുമുട്ടലോ യുദ്ധമോ ഇന്ത്യ ആഗ്രഹിച്ചിരുന്നില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപനം ആശ്വാസമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജില്ലാ കളക്ടർമാർ സ്ഥിതി പഠിച്ച ശേഷം ജനങ്ങൾക്ക് പുറത്തിറങ്ങാൻ ഇളവ് നൽകും. ഇനി ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവരെ തിരിച്ച് കൊണ്ട് വരാൻ നടപടി തുടങ്ങും. കൊല്ലപ്പെട്ടവരുടെ സഹായധന വിതരണം പെട്ടെന്ന് തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]