യുദ്ധ സമാന സാഹചര്യത്തിൽ ബാങ്കിങ് മേഖലയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണവും സാധാരണക്കാരെ വരെ ബാധിക്കും. ഏത് സാഹചര്യത്തിലും സജ്ജരാകണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഏതൊരു യുദ്ധത്തിലും ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് സാമ്പത്തികരംഗമാണ്. അതിന്റെ നട്ടെല്ലായ ബാങ്കിന് നേരിടേണ്ടി വരുന്ന പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ താറുമാക്കും. 

സൈബർ ആക്രമണം

ബാങ്കിങ് മേഖലയില്‍ സൈബർ ആക്രമണവും നേരിട്ടുള്ള ആക്രമണവും ഉൾപ്പടെയുള്ള കാര്യങ്ങൾ മുന്നിൽ കണ്ടുള്ള കടുത്ത തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. സൈബർ ആക്രമണത്തിനുള്ള സാധ്യത  വൻതോതിലുണ്ട്. സൈബർത്തട്ടിപ്പിന്റെ ഭാഗമായി ഫിഷിങും മറ്റുമാണ് കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ളത്. ബാങ്കുകളുടെ ഈ ശ്രമങ്ങൾക്ക് ഇടപാടുകാരുടെ പിന്തുണയും നിർണായകമാണെന്ന് ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമായ ബാബു കെ എ പറയുന്നു. സംശയകരമായി തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം അറിയിച്ചു. സൈബർ ശക്തിയായ ചൈനയുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ പാക്കിസ്ഥാന് ഇത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാനാവു എന്ന വസ്തുതയും ഇവിടെ പ്രസക്തമാണ്.

സുരക്ഷാ സംവിധാനങ്ങള്‍

ബാങ്കുകളുടെ സെക്യൂരിറ്റി ബാക്കപ്പാണ് ഏറ്റവും മുൻഗണന വേണ്ട മറ്റൊരു കാര്യം. മിക്ക ബാങ്കുകളുടെയും ബാക്കപ്പ്–ഡിസാസ്റ്റർ മാനേജ്മെന്റ് സർവറുകൾ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിട്ടുണ്ടാകുക. ഇവയെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതോടെ ഫിനാൻഷ്യൽ സംവിധാനം തകരുമെന്ന് മാത്രമല്ല, പെട്ടെന്ന് വീണ്ടെടുക്കാനും ബുദ്ധിമുട്ടായേക്കും. ഇത് ബാങ്കിന്റെ ഹാർഡ് വെയർ കേന്ദ്രീകൃത ആക്രമമാണെങ്കില്‍, സോഫ്റ്റ് വെയറുകളും സുരക്ഷാ സംവിധാനങ്ങളും കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾക്കും സാധ്യതയേറെയാണ്. ഹാക്കർ അറ്റാക്കിലൂടെ വല്ലാത്ത നാശങ്ങളും വിതയ്ക്കാനാകുമെന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കിയേക്കാം.

ഇതിനു പുറമേയാണ് ബാങ്ക് സ്ഥിതി ചെയ്യുന്ന ഇടങ്ങളിലേക്കുള്ള നേരിട്ടുള്ള ആക്രമണം. അതേ തുടർന്ന് ശാഖകളും എടിഎമ്മുകളും തകർന്നു പോയേക്കാം. രാജ്യത്തെ ഉൾപ്രദേശങ്ങളിൽ പോലും ഓൺലൈൻ, ഇന്റർനെറ്റ്, ഡിജിറ്റൽ രീതിയിലുള്ള ബാങ്കിങ് ഇടപാടുകൾക്കു പ്രാധാന്യം നൽകേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്.

(Representative image by im a photographer and an artist / istock)

പണം കൈയിൽ കരുതാം

അടിയന്തിരാവശ്യം കണക്കിലെടുത്ത് എടിഎമ്മുകളിൽ ആവശ്യത്തിന് പണം സൂക്ഷിക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകളെ അലർട്ട് ചെയ്തിട്ടുണ്ട്. ആളുകൾ പണം കൈയിൽ കൊണ്ട് നടക്കുന്ന ശീലം ഇപ്പോൾ  കുറവാണെങ്കിലും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സ്ഥലം ഒഴിഞ്ഞു പോകേണ്ടി വരികയോ മറ്റോ വന്നാൽ ആവശ്യമായ പണം കൈയിൽ കരുതാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഈ നിർദേശം നൽകിയിട്ടുള്ളത്. സംഘർഷ സാധ്യത നിലനിൽക്കുന്ന ജമ്മു ഉൾപ്പടെ പലയിടങ്ങളും ബാങ്ക് ശാഖകൾ അടച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം ഒപ്പം ശ്രദ്ധേയമായ മറ്റൊരു ഘടകം കൂടിയുള്ളത് വിവരസാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യക്കുള്ള മുൻതൂക്കം കണക്കിലെടുക്കുമ്പോൾ വൻതോതിലുള്ള സൈബർ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാന് കഴിയുകയില്ല എന്നതാണ്.

English Summary:

Amid rising India-Pakistan tensions, Finance Minister Nirmala Sitharaman advises citizens and banks to prepare for potential cyber and physical attacks on the financial system. The article details potential threats and offers practical advice for safeguarding personal finances.