
ഓലമടലിൽ നിന്നു പ്രതല വിസ്തീർണം കൂടിയ കാർബൺ; ബാറ്ററികളിൽ ഉപയോഗിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമൃതപുരി ( കൊല്ലം)∙ ഓലമടലിൽ നിന്നു കാര്യക്ഷമത കൂടിയ കാർബൺ വേർതിരിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകസംഘം. തെങ്ങോലയുടെ ഭാഗങ്ങളിൽ നിന്നു കാർബൺ വേർതിരിച്ചെടുക്കുന്ന രീതി മുൻപുണ്ടെങ്കിലും അതിന്റെ മടൽ ഭാഗത്തുനിന്ന് ഉയർന്ന പ്രതല വിസ്തീർണമുള്ള കാർബൺ വേർതിരിച്ചെടുക്കുന്നത് ആദ്യമാണ്. ജലശുദ്ധീകരണ പ്രക്രിയകളിൽ അഡ്സോർപ്ഷൻ ഏജന്റുകളായി ഉപയോഗിക്കാൻ കഴിയുന്ന കാർബണുകളാണിവ. ബാറ്ററികളിലും ഒപ്റ്റോഇലക്ട്രോണിക് സംവിധാനങ്ങളിലും ഉപയോഗിക്കാം.
മറ്റു കാർബണുകളെ അപേക്ഷിച്ച് ഏതാണ്ട് 80 ശതമാനത്തേക്കാൾ അധികമാണ് പ്രതല വിസ്തീർണം. നിലവിലുള്ള കാർബണുകളെ അപേക്ഷിച്ച് ഉയർന്ന പ്രകടന ശേഷി, കപ്പാസിറ്റൻസ് എന്നിവയുണ്ട്. തേനീച്ചക്കൂടുകളുടെ രൂപഘടനയാണ് ഇത്തരം സജീവ കാർബണുകൾക്കുള്ളത്.
അമൃതപുരി ക്യാംപസിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസിന്റെ ഗ്രീൻ എനർജി ലാബ് ഗവേഷകയായ ബി. ദേവു, സൂപ്പർവൈസർമാരായ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. സി.ഒ.ശ്രീകല, മലേഷ്യ പഹാങ് യൂണിവേഴ്സിറ്റിയിലെ പ്രഫ. ഡോ. രാജൻ ജോസ് എന്നിവരാണ് സംഘത്തിലുള്ളത്.
ഒട്ടേറെ രാജ്യാന്തര ജേണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ യുഎസിലും പേറ്റന്റുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. സുസ്ഥിരവികസന സൂചികകൾ പാലിച്ചുകൊണ്ട് അമൃത വിശ്വവിദ്യാപീഠം നടത്തുന്ന ഗവേഷണങ്ങളിൽ ഏറ്റവും പുതിയതാണിത്. പരമ്പരാഗത കൃഷിരീതിയും മെറ്റീരിയൽ സയൻസിന്റെ സൗകര്യങ്ങളും സമന്വയിപ്പിച്ചുള്ള രീതിയെ ‘വേസ്റ്റ് – ടു – വെൽത്ത്’ സംരംഭമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനത്തിന്റെ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് കാര്യമായ സംഭാവനകൾ നൽകാൻ ഇത്തരം രീതികളിലൂടെ സാധിക്കുമെന്നും ഗവേഷകസംഘം പറഞ്ഞു.