
400 കി.മീ പ്രഹരശേഷി, റഡാറുകളുടെ കണ്ണുവെട്ടിച്ചും പായും; പക്ഷേ പാക്കിസ്ഥാന്റെ ‘ഫത്ത’ ഇന്ത്യയ്ക്ക് വെറും ‘നിസ്സാരം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ മൂന്നു ദിവസത്തിലേറെയായി തുടരുന്ന പാക്ക് പ്രകോപനത്തിൽ ഇന്ത്യ നിലംപരിശാക്കിയത് പാക്കിസ്ഥാന്റെ എണ്ണമറ്റ ഡ്രോണുകളെയും മിസൈലുകളെയുമാണ്. വെള്ളിയാഴ്ച രാത്രി ഹരിയാനയിലെ സിർസയിൽ ഇന്ത്യൻ സൈന്യം തകർത്ത പാക്കിസ്ഥാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഫത്ത–II ആണ് ഇതിലേറ്റവും പ്രധാനം.
രാജ്യതലസ്ഥാനമായ ന്യൂഡൽഹി ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ഫത്ത–II പ്രയോഗിച്ചതെന്നാണ് അനുമാനം. ഡൽഹിക്ക് 250 കി.മീ അകലെവച്ച് ഇന്ത്യൻ സൈന്യം മിസൈൽ തകർക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ഗുരുതരമായ പ്രകോപനമായാണ് ഇന്ത്യ ഇതിനെ കണ്ടത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന മേഖലകളിലെ നാല് വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈലാക്രമണം നടത്തുകയും ചെയ്തു.
പാക്കിസ്ഥാന്റെ ബുൻയാനു മർസൂസ് സൈനിക നടപടിയുടെ ഭാഗമായിട്ടാണ് മിസൈൽ പ്രയോഗം. പാക്കിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമാണ് അത്യാധുനിക ഫത്ത–II ബാലിസ്റ്റിക് മിസൈൽ. പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫത്ത മിസൈൽ, 2025ലാണ് പാക്ക് സൈന്യത്തിന്റെ ഭാഗമാകുന്നത്.
കരയിൽനിന്ന് കരയിലേക്കു തൊടുക്കാവുന്ന മിസൈലിന് 400 കിലോമീറ്റർ ദൂരെ വരെയാണ് പ്രഹരശേഷി. ഫത്ത–IIന്റെ മുൻഗാമിയായ ഫത്ത–I ന്റെ പ്രഹരശേഷി 140 കി.മീ മാത്രമായിരുന്നു. റഡാറുകളുടെയും മിസൈൽവേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് പറക്കാൻ കഴിയുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത ഫത്ത–II മിസൈൽ തകർക്കാനായത് പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ പ്രതിരോധത്തിന് പൊൻതൂവലാണ്.
ഡൽഹിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാകാം പാക്കിസ്ഥാൻ ഫത്ത–II പ്രയോഗിച്ചതെന്നും എന്നാൽ മിസൈൽ വിക്ഷേപിക്കുമ്പോൾ തന്നെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതു തിരിച്ചറിയുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപു തന്നെ മിസൈൽ തകർക്കുകയും ചെയ്തതായി പേരുവെളിപ്പെടുത്താത്ത പ്രതിരോധ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.