
കുന്ന്യോറമല നിവാസികൾ ആശങ്കയുടെ മലയോരത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊയിലാണ്ടി∙ ഒരു പറ്റം ആളുകൾ പ്രതിസന്ധിയിലാണ്. വികസനത്തിന്റെ പേരിൽ, ജനിച്ചു വളർന്ന വീടുകളിൽ നിന്നു കുടിയൊഴിയാൻ വിധിക്കപ്പെട്ടവർ. കൊല്ലം കുന്ന്യോറമലയിലാണ് ഇവരുടെ കണ്ണീർ വീഴുന്നത്. നന്തി -ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമാണം തുടങ്ങിയതോടെയാണ് ഇവരുടെ ജീവിതം താളം തെറ്റിയത്. കുന്ന്യോറമല ഇടിച്ചു നിരത്തിയാണ് ബൈപാസ് റോഡ് നിർമാണം തുടങ്ങിയത്.
മല തുരന്നായിരുന്നു നിർമാണം. ആദ്യഘട്ടത്തിൽ തന്നെ മലയിടിച്ചു നടത്തിയ പ്രവൃത്തിയിലെ അശാസ്ത്രീയത ഇവിടത്തുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ കുന്ന്യോറമല നിവാസികൾ ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. അശാസ്ത്രീയമായി കുന്നിടിച്ചതിനെ തുടർന്ന് അവിടെ മണ്ണിടിഞ്ഞു. പിന്നെയും മലയിടിയുന്നത് ഒഴിവാക്കാൻ ചെയ്ത പ്രവൃത്തികളും പാളി. അതോടെ ഒട്ടേറെ കുടുംബങ്ങളാണ് കുടിയൊഴിയേണ്ടി വന്നത്. ഇവർക്കായി സമീപത്തെ എസ്എൻഡിപി കോളജിൽ താൽക്കാലിക ദുരിതാശ്വാസ ക്യാപ് ഒരുക്കിയിരുന്നു. പിന്നീട് ഇവർ വാടക വീടുകളിലേക്കു മടങ്ങി.
ബൈപാസിനു കിഴക്കുവശമാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. സോയിലിങ് നടത്തിയത് ഫലപ്രദമായില്ലെന്ന പരാതി ഉയർന്നിരുന്നു. ശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടക്കാത്തതു കൊണ്ട് ഇനിയും ഇടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ബൈപാസിനു വേണ്ടി സ്ഥലം ഏറ്റെടുത്ത സ്ഥലത്ത് ശേഷിക്കുന്ന സ്ഥലവും ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കൊല്ലം കുന്ന്യോറമല നിവാസികൾ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള വീടുകൾ ഏറ്റെടുക്കുക, ഗതാഗത സൗകര്യം പുനഃസ്ഥാപിക്കുക, കോൺക്രീറ്റ് വാൾ നിർമിച്ച് സുരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. വാർഡ് കൗൺസിലർ കെ.എം.സുമതിയുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് സമരപരിപാടികളുമായി രംഗത്തുവന്നത്.