
ലോകത്തിലെ ഏറ്റവും ധനികനും മുൻനിര അമേരിക്കൻ വ്യവസായിയുമായ എലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം ഏറെക്കാലമായി ചർച്ചാവിഷയമാണ്. ഇന്ത്യൻ ഉപഭോക്താക്കൾ വളരെക്കാലമായി കാത്തിരിക്കുകയാണ് ടെസ്ലയെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തി പ്രാപിച്ചിരുന്നു. ടെസ്ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ ഘട്ടം ഘട്ടമായി പുറത്തിറക്കാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഇതിനുമുമ്പ് ടെസ്ലയ്ക്ക് വലിയൊരു തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടാണ് റിപ്പോർട്ടുകൾ. ടെസ്ലയുടെ ഇന്ത്യാ മേധാവി പ്രശാന്ത് മേനോൻ രാജിവച്ച സംഭവമാണിത്. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ടെസ്ല ഇന്ത്യയിലേക്ക് കടക്കാൻ പദ്ധതിയിടുന്ന സമയത്താണ് ഈ രാജി എന്നതാണ് ശ്രദ്ധേയം. ഡൽഹിയിലും മുംബൈയിലുംഡീലർഷിപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ കമ്പനി പൂർത്തിയായിവരികയാണ്. വ്യക്തിപരമായ കാരണങ്ങളാൽ മേനോൻ ഇന്ത്യയുടെ മേധാവി സ്ഥാനത്ത് നിന്ന് രാജിവച്ചതായി ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. എങ്കിലും ടെസ്ല ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ തങ്ങളുടെ കാറുകൾ പുറത്തിറക്കാനുള്ള യുഎസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളുടെ പദ്ധതികൾക്ക് മുന്നോടിയായാണ് രാജി എന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ടെസ്ലയുടെ ചൈന ടീമുകൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും പിൻഗാമിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രശാന്ത് മേനോൻ കഴിഞ്ഞ 9 വർഷമായി ടെസ്ലയിൽ പ്രവർത്തിക്കുന്നുണ്ട്. നാല് വർഷത്തിലേറെയായി ടെസ്ല ഇന്ത്യയുടെ ബോർഡ് ചെയർമാനുമാണ് അദ്ദേഹം. 2021-ൽ പൂനെയിൽ കമ്പനിയുടെ ഇന്ത്യയിലെ ഓഫീസും മേനോൻ ആരംഭിച്ചു. വെങ്കിടരംഗം ശ്രീറാമിന് ശേഷം മേനോൻ ടെസ്ല ഇന്ത്യയുടെ കമാൻഡിംഗ് ചുമതല ഏറ്റെടുത്തു. ടെസ്ല ഇന്ത്യയെ നയിക്കുന്നതിന് മുമ്പ്, മേനോൻ യുഎസിൽ ടെസ്ലയ്ക്കുവേണ്ടി ചെലവ്, പ്രക്രിയ, നിയന്ത്രണ നടപടികൾ എന്നിവയുടെ ഡയറക്ടർ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രശാന്ത് മേനോൻ രാജിവച്ചതോടെ, ഈ സ്ഥാനം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും, ഈ വിഷയത്തിൽ കമ്പനി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഒരു പുതിയ രാജ്യ മേധാവിയെ തിരഞ്ഞെടുക്കുന്നതുവരെ, കമ്പനിയുടെ ചൈന ആസ്ഥാനമായുള്ള ടീമുകൾ ഇന്ത്യയിലെ ടെസ്ലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനായി ടെസ്ല അതിന്റെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് രണ്ട് സ്ഥലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ദില്ലിയിലും മുംബൈയിലും കമ്പനി തങ്ങളുടെ ആദ്യത്തെ ഷോറൂം തുറക്കാൻ പോകുന്നു. മുംബൈയിലെ ബികെസി കോംപ്ലക്സിലും സ്ഥലം കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഷോറൂമുകൾ തുറക്കുന്നതിലൂടെ, ടെസ്ല ഇന്ത്യൻ കാർ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കും. ഇന്ത്യൻ വിപണികളിൽ ടെസ്ല അവതരിപ്പിക്കുന്നതിന് മുമ്പ് ഇറക്കുമതി തീരുവ കുറയ്ക്കൽ സംബന്ധിച്ച വ്യക്തതയ്ക്കായി ഇലോൺ മസ്ക് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം അടിയന്തര ഉൽപ്പാദന പദ്ധതികളില്ലാതെ കുറഞ്ഞ ഇറക്കുമതി തീരുവകളോടെ ടെസ്ല ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയാണെന്ന് മറ്റ് ചില റിപ്പോർട്ടുകളും അവകാശപ്പെടുന്നു.
2025 ന്റെ ആദ്യ പാദത്തിൽ ടെസ്ലയുടെ അറ്റാദായത്തിൽ 71 ശതമാനം പ്രതിവർഷ ഇടിവ് സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. വാഹന ആവശ്യകതയിലുണ്ടായ ഇടിവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഇതിനെ ബാധിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കമ്പനി 409 മില്യൺ ഡോളർ ലാഭം നേടി. ഈ പാദത്തിലെ വരുമാനം 19.34 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് വർഷം തോറും ഒമ്പത് ശതമാനം കുറഞ്ഞു എന്നും. ഈ കാലയളവിലെ പ്രവർത്തന വരുമാനം 399 മില്യൺ ഡോളറായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]