
ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan) സംഘർഷം കൂടുതൽ വഷളാകുന്നതിനിടെ സ്വർണത്തിനു (Gold price) വീണ്ടും വിലക്കയറ്റം. രാജ്യാന്തര സ്വർണവിലയിൽ വലിയ കുതിപ്പ് പ്രകടമല്ലെങ്കിലും കടകവിരുദ്ധമായി ഇന്ത്യയിൽ വില കയറുകയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പൊതുവേ സ്വർണത്തിന് നൽകുന്ന ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) ആണ് ഈ വിലവർധനയ്ക്കൊരു കാരണം. കേരളത്തിൽ (Kerala Gold Price) ഗ്രാമിന് ഇന്ന് (gold rate today) 30 രൂപ വർധിച്ച് വില 9,045 രൂപയും പവന് 240 രൂപ ഉയർന്ന് 72,360 രൂപയുമായി. ഇന്നലെയും ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ജൂൺ അവധിവില (June gold futures on MCX) 95,381 രൂപയിൽ നിന്നുയർന്ന് 97,323 രൂപയായി. കേരളത്തിൽ 18 കാരറ്റ് (18 Carat gold) വിലയും വെള്ളിവിലയും (Silver price) കൂടുകയാണ്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് വില 20 രൂപ ഉയർന്ന് 7,455 രൂപ. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർത്തി 109 രൂപയാക്കി.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 25 രൂപ ഉയർത്തി 7,425 രൂപ. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വർധിപ്പിച്ച് 109 രൂപ. അസോസിയേഷനുകൾക്കിടയിൽ സ്വർണവില നിർണയം സംബന്ധിച്ച് ഇനിയും സമവായമായിട്ടില്ല. അതാണ്, വ്യത്യസ്ത വിലയ്ക്കു കാരണം.
ഡോളർ കിതയ്ക്കുന്നു, രൂപയും!
ഇന്നലെ ഔൺസിന് 3,309 ഡോളർ വിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില പിന്നീടൊരുവേള 3,272 ഡോളർ വരെ താഴുകയും 3,346 ഡോളർ വരെ ഉയരുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) തുടങ്ങിവച്ച ആഗോള താരിഫ് യുദ്ധത്തിനുശേഷം (Tariff war), യുഎസുമായി വ്യാപാരക്കരാറിലെത്തുന്ന ആദ്യരാജ്യമായി യുകെ മാറിയിട്ടുണ്ട്. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും വൈകാതെ യുഎസ് വ്യാപാരക്കരാറിൽ എത്തിയേക്കുമെന്നാണ് സൂചനകൾ.
ഇതു ആഗോള സാമ്പത്തികരംഗത്ത് ആശ്വാസം വിതറുന്നുണ്ട്. എന്നാല്, യുഎസിന്റെ സാമ്പത്തികവ്യവസ്ഥയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം, ചർച്ചകൾക്കിടയിലും ചൈനയ്ക്കുമേൽ 80% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി, യൂറോയും പൗണ്ടും യെന്നും ഉൾപ്പെടെ ലോകത്തെ 6 പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സിന്റെ (US Dollar Index) വീഴ്ച എന്നിവ സ്വർണവില കൂടിയേക്കാമെന്ന സൂചനകളും നൽകുന്നു.
യുഎസ് ഡോളർ ഇൻഡക്സ് താഴുകയാണെങ്കിലും ഇന്ത്യൻ റുപ്പിക്ക് (Indian Rupee) അതുമുതലെടുത്ത് മുന്നേറാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി-കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപം നഷ്ടപ്പെട്ടു തുടങ്ങിയതാണ് തിരിച്ചടി. ഇന്നലെ മാത്രം 3,800 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FII selling) വിറ്റൊഴിഞ്ഞത്. സെൻസെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചതും 1.10% വീതം നഷ്ടത്തിൽ. നിഫ്റ്റി 265.80 പോയിന്റും സെൻസെക്സ് 880.34 പോയിന്റുമാണ് താഴ്ന്നത്.