
നവീൻ കാമി നേപ്പാളിലേക്ക് മടങ്ങും; മലയാളത്തിലൊരു വിജയച്ചിരിയുമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചട്ടഞ്ചാൽ ∙ മാതാപിതാക്കളായ നരിബാൻ കാമിക്കും ഭാര്യ ഈശ്വരി കാമിക്കുമൊപ്പം ഇനി നേപ്പാളിലേക്കു മടങ്ങുമ്പോൾ മകൻ നവീൻ കാമിയുടെ കയ്യിൽ ഒരു സർട്ടിഫിക്കറ്റുണ്ടാകും. എസ്എസ്എൽസി പരീക്ഷയിൽ മലയാളമുൾപ്പെടെയുള്ള മുഴുവൻ വിഷയങ്ങൾക്കും ‘ഫുൾ എ പ്ലസ്’ നേടിയ ആ സർട്ടിഫിക്കറ്റ് നവീൻ മലയാളത്തെപ്പോലെ നെഞ്ചോടു ചേർക്കും. നേപ്പാളിൽനിന്ന് തൊഴിൽ തേടിയെത്തിയ ദമ്പതികളുടെ മകൻ നവീൻ കാമി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് മിന്നുന്ന വിജയം നേടിയത്.
നവീൻ ആദ്യമായല്ല നേട്ടം കൊയ്യുന്നത്. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിലും വിജയം നേടിയ നവീൻ കാമി സ്കൂളിലെ മിടുക്കനായ വിദ്യാർഥിയാണ്. 20 വർഷം മുൻപാണ് നവീന്റെ പിതാവ് നരിബാനും അമ്മ ഈശ്വരിയും ജില്ലയിൽ തൊഴിൽ തേടിയെത്തിയത്. ക്വാറി തൊഴിലാളിയായി ജീവിതം ആരംഭിച്ച ഇവർ ബട്ടത്തൂരിലെ ക്വാറി ഉടമ അനുവദിച്ച വീട്ടിൽ താമസിച്ചാണ് ജോലി ചെയ്തത്. രണ്ടു കുട്ടികൾ പിറന്നതോടെ ജീവിതം ഇവിടെ തന്നെയാക്കാൻ തീരുമാനിക്കുകയായിരുന്നു.
മക്കളായ ദേബി കാമിയും നവീൻ കാമിയും വിദ്യാരംഭം കുറിച്ചത് കരിച്ചേരി സ്കൂളിലാണ്. അച്ഛനും അമ്മയ്ക്കും മലയാളം പൂർണമായും വഴങ്ങുന്നില്ലെങ്കിലും മക്കളായ ദേബി കാമിയും നവീൻ കാമിയും തനി ‘മലയാളി’കളായി വളരുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിൽ ഏറെ താൽപര്യം കാണിച്ച മാതാപിതാക്കൾക്ക് നവീൻ സമ്മാനിച്ചത് അഭിമാനകരമായ വിജയവും. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് കൂടിയാണ് നവീൻ കാമി.