
തിരുവനന്തപുരം: അയല്‍വാസിയെ റെയില്‍വേ ട്രാക്കില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. മുരുക്കുംപുഴ ചെറുകായല്‍ കര മാടന്‍കാവ് ക്ഷേത്രത്തിന് സമീപം പുത്തന്‍വീട്ടില്‍ പ്രമോജിനെ (42) യാണ് അയൽവാസി രാജുവിനെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ തുക മരിച്ച രാജുവിന്റെ ഭാര്യയും കേസിലെ ഒന്നാം സാക്ഷിയുമായ സതിക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ മുന്‍പ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ വിരോധം കാരണം അയല്‍ വാസി കൂടിയായ രാജുവിനെ റെയില്‍വേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ രാജു ട്രാക്കില്‍ മറിഞ്ഞ് വീണ് തല ഇടിച്ച് മരിച്ചെന്നായിരുന്നു പ്രതിഭാഗം വാദം. ദൃക്സാക്ഷികളായ സതി, അബരീഷ് എന്നിവര്‍ പ്രതി, രാജുവിനെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നത് കണ്ടതായി മൊഴി നൽകി. പ്രതിയുടെ മരണം തലക്കേറ്റ മാരകമായ പരുക്കുകളാണെന്ന് ഫോറന്‍സിക് സര്ജന് ഡോ. ഷാരിജ മൊഴി നല്കിയതും നിര്‍ണ്ണായകമായി. 28 സാക്ഷികള്‍, 13 രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ എന്നിവ പ്രോസിക്യൂഷന് ഹാജരാക്കി. മംഗലാപുരം പൊലീസാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]