
കായൽ ഡ്രജ് ചെയ്ത് ജലാശയങ്ങളും ചതുപ്പുകളും നികത്തൽ; മൂന്നംഗസംഘം പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുനാഗപ്പള്ളി ∙ കായൽ ഡ്രജ് ചെയ്ത് കായലോരത്തെ ജലാശയങ്ങളും ചതുപ്പുകളും കുളങ്ങളും നികത്തി നൽകുന്ന മൂന്നംഗസംഘം പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ പൊലീസിന്റെ സഹായത്തോടെ റവന്യു അധികൃതർ ആലുംകടവിനു സമീപം നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. പ്രത്യേകം മോട്ടറുകളും പൈപ്പുകളും ഘടിപ്പിച്ച വള്ളങ്ങളിൽ സ്ഥാപിച്ച ഡ്രജർ സംവിധാനം ഉപയോഗപ്പെടുത്തി കായലിൽ നിന്ന് മണ്ണ് ഡ്രജ് ചെയ്ത് തീരദേശത്തെ ജലാശയങ്ങൾ നികത്തി നൽകുന്ന സംഘമാണ് പിടിയിലായത്. ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിച്ച ശേഷമാണ് ഡ്രജ് ചെയ്ത് ജലാശയങ്ങൾ നികത്തി നൽകുന്നത്.
കൂടാതെ വിൽപനക്കായി മണലും ഡ്രജ് ചെയ്ത് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്പെഷൽ സ്ക്വഡ് ലീഡർ സാദിഖ്, വില്ലേജ് ഓഫിസർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും പൊലീസും പരിശോധനയ്ക്ക് എത്തിയതോടെ സംഘം മോട്ടോറുകളും വള്ളങ്ങളും ഉപേക്ഷിച്ച് കടന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ കുറിച്ചു സൂചന ലഭിക്കുകയും ഇവരെ വിളിച്ചു വരുത്തി വള്ളങ്ങളും മോട്ടോറുകളും പൈപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള മറ്റ് സാധന സാമഗ്രികളും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൈനർ മിനറൽ കൺസർവേഷൻ ആക്ട് അനുസരിച്ച് മൈനിങ് , മണ്ണ് സ്റ്റോറേജ്, ട്രാൻസ്പോർട്ടേഷൻ എന്നിവയ്ക്ക് കേസ് എടുക്കുമെന്ന് വില്ലേജ് ഓഫിസർ സുഭാഷ് പറഞ്ഞു. റിപ്പോർട്ട് താലൂക്ക് ഓഫിസിൽ നിന്നും കലക്ടർക്ക് നൽകും.
കലക്ടർ ഇത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറും. അവർ പരിശോധന നടത്തി കേസെടുത്ത് പിഴ ഇടാക്കും. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട ടിഎസ് കനാലിന്റെ തീരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തുന്ന ഡ്രജിങ് മത്സ്യ സമ്പത്തിനെയും തീര ശോഷണത്തെയും ബാധിക്കുമെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ചില വീടുകളോട് ചേർന്നു അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാനെന്ന വ്യാജേന , അനധികൃത ഡ്രജിങ് ലോബികളുടെ സഹായത്തോടെ ഇറിഗേഷൻ വകുപ്പിൽ നിന്നും മറ്റും അനുവാദം വാങ്ങി, അതിന്റെ മറവിൽ ആഴ്ചകളോളം ഡ്രജിങ് നടത്തി മണൽ അടിച്ചു കൂട്ടി വിൽപനയും നടത്തും. അനധികൃത ഡ്രജിങും ഡ്രജിങിലൂടെ ജലാശയങ്ങൾ നികത്തലും മണ്ണ് വിൽപനയുമൊക്കെ നേരത്തെ തന്നെ റവന്യു സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഇതേ തുടർന്നു സംഘം കായലോരം നിരീക്ഷണത്തിലാക്കുകയും ഇന്നലെ രാത്രി ആലുംകടവ് ഭാഗത്തെ ജലാശയങ്ങൾ നികത്തി കൊണ്ടിരിക്കുമ്പോൾ സംഘത്തെ പിടികൂടുകയുമായിരുന്നു. നേരത്തെ വയൽ നികത്തലിനും മറ്റും കിഴക്കൻ മേഖലയിൽ നിന്നും മണ്ണ് ലോറിയിൽ കൊണ്ടു വന്നിരുന്നു. അധികൃതർ മണൽ കടത്ത് തടയുകയും വയൽ നികത്തുന്നതിന് ഉപയോഗിക്കുന്ന ജെസിബി സഹിതം പിടിച്ചെടുക്കുയും ചെയ്തു തുടങ്ങിയതോടെ കായൽ ഡ്രജ് ചെയ്ത് മണ്ണ് എടുക്കുന്ന പുതിയ തന്ത്രവുമായി മണൽ ലോബി രംഗത്തെത്തുകയായിരുന്നുവെന്നു പറയുന്നു. പണിക്കർകടവ്, ആലുംകടവ്, ക്ലാപ്പന, വള്ളിക്കാവ് സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം ഡ്രജിങ് നടത്തുന്നുണ്ടെന്നാണ് വിവരം.