
എന്റെ കേരളം 2025 മെഗാ പ്രദർശന- വിപണന ഭക്ഷ്യ കലാമേളയ്ക്ക് മലപ്പുറത്ത് തുടക്കമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 150 സ്റ്റാളുകളുമായി എന്റെ കേരളം 2025 മെഗാ പ്രദർശന- വിപണന ഭക്ഷ്യ കലാ മേള മലപ്പുറം കോട്ടക്കുന്ന് മൈതാനത്തിൽ പി.നന്ദകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി വി.അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 13 വരെ നടക്കുന്ന മേളയിൽ 60 വിപണന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം ഭക്ഷ്യമേള, സ്പോർട്സ് സോൺ, മിനി തിയറ്റർ, കാർഷികമേള, എന്റെ കേരളം പവിലിയൻ കിഫ്ബി, ടൂറിസം, സ്റ്റാർട്ടപ് മിഷൻ പവിലിയനുകൾ തുടങ്ങി പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
എല്ലാദിവസവും സെമിനാറുകളും വൈകിട്ട് കലാ സാംസ്കാരിക പരിപാടികളും നടക്കും. ആകെ 45,192 ചതുരശ്ര അടിയിൽ ശീതീകരിച്ച 2 ഹാങ്ങറുകൾ ഉൾപ്പെടെ 70,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുക്കിയിട്ടുള്ളത്. ഷഹബാസ് അമന്റെ സംഗീത പരിപാടിയും ഇന്നലെ നടന്നു. രണ്ടാംദിനമായ ഇന്നു രാവിലെ 10.30ന് കുടുംബശ്രീയുടെ ‘ഇ- മാലിന്യത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തിൽ മെഗാ പരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് 2ന് മോട്ടർ വാഹന വകുപ്പിന്റെ ‘റോഡ് സുരക്ഷയും മാറുന്ന നിയമങ്ങളും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. വൈകിട്ട് 7ന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക്ലോർ ലൈവും നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയാണ് പ്രദർശനം.
ബയോമൈനിങ് സ്റ്റാളുമായി കെഎസ്ഡബ്ല്യൂഎംപി
മലപ്പുറം ∙ മാലിന്യ നിർമാർജനത്തിൽ വിജയമായ ബയോമൈനിങ് പദ്ധതിയെ അടുത്തറിയാൻ പ്രദർശനവുമായി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (കെഎസ്ഡബ്ല്യൂഎംപി). സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ‘എന്റെ കേരളം’ മേളയുടെ ഭാഗമായി 46–ാം നമ്പർ സ്റ്റാളിലാണു പ്രദർശനം. ബയോമൈനിങ്ങിന്റെ വിവരണവും കാഴ്ചയും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലെ മാലിന്യക്കുന്നുകൾ ബയോമൈനിങ്ങിലൂടെ നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും കെഎസ്ഡബ്ല്യൂഎംപി അധികൃതർ പറഞ്ഞു.
വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനമൊരുക്കി പോലീസ്
വനിതകൾ ഇനി ആരേയും ഭയക്കേണ്ടതില്ല. സ്വയം പ്രതിരോധനത്തിന് സ്ത്രീകളെ സജ്ജമാക്കുകയാണ് കേരള പോലീസ്. ആക്രമിക്കാൻ വന്നാൽ പ്രതിരോധം തീർക്കാനുള്ള അവബോധം നൽകുന്ന പരിശീലന സ്റ്റാളാണ് എന്റെ കേരളം പ്രദർശനമേളയിൽ ഒരുക്കിയിരിക്കുന്നത്. വനിതാ പോലീസ് ഓഫീസർമാർ സ്വയം പ്രതിരോധം തീർക്കാനുള്ള പരിശീലനമാണ് നൽകുന്നത്.
ഏഴ് വയസ്സ് മുതൽ 60 വയസ്സ് വരെ വരെയുള്ള സ്ത്രീകൾക്കാണ് പരിശീലനം നൽകുന്നത്. മലപ്പുറം എഎസ്പിക്ക് കീഴിലെ എഎസ്ഐമാരായ കെ. വത്സല, വി.ജെ. സോണിയ മേബിൾ, സീനിയർ പോലീസ് ഓഫീസർ കെ.സി. സിനിമോൾ എന്നിവരാണ് പരിശീലനം നൽകുന്നത്. 10 വർഷത്തിനിടെ മലപ്പുറത്തെ 76,632 വനിതകൾക്കാണ് സ്വയം പ്രതിരോധത്തിനായി ഈ മൂവർ സംഘം സൗജന്യ പരിശീലനം നൽകിയത്.
വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും പുറമേ വീട്ടമ്മമാർ, കുടുംബശ്രീ, ആശ, അങ്കൺവാടി പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. വനിതകൾക്ക് നിർഭയമായി എവിടെയും സഞ്ചരിക്കാനുള്ള ധൈര്യം ലഭിക്കുമെന്നും ഈ പരിശീലനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ മേളയിലൂടെ സാധിക്കുമെന്നും നോഡൽ ഓഫീസറും എഎസ്പിയുമായ ഫിറോസ് എം. ഷഫീഖ് പറഞ്ഞു.