
രാജ്യാന്തര സ്വർണവില (gold price) കുത്തനെ ഇടിഞ്ഞിട്ടും കേരളത്തിൽ (Kerala gold rate) ഇന്ന് കടകവിരുദ്ധമായി വില കൂടി. ഡോളറിനെതിരെ (Us Dollar) ഇന്ത്യൻ രൂപയുടെ (Indian Rupee) കനത്ത വീഴ്ചയാണ് തിരിച്ചടിയായത്. കേരളത്തിൽ സ്വർണവില (gols rate today) ഗ്രാമിന് ഇന്ന് 30 രൂപ വർധിച്ച് 9,015 രൂപയും പവൻവില 240 രൂപ മുന്നേറി 72,120 രൂപയുമായി.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധസമാന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി-കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപം ഇടിഞ്ഞേക്കുമെന്ന ഭീതിമൂലം രൂപ വൻ മൂല്യത്തകർച്ചയാണ് നേരിടുന്നത്. ഇന്നലെ 89 പൈസയുടെ നഷ്ടം നേരിട്ട രൂപ, ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ 13 പൈസ ഇടിഞ്ഞ് 85.85ൽ. നിലവിലെ സംഘർഷം നീണ്ടാൽ, രൂപ വൈകാതെ 87ലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.
അതേസമയം, ഇന്നലെ ഔൺസിന് 3,398 ഡോളറായിരുന്ന രാജ്യാന്തരവില, യുഎസ്-യുകെ വ്യാപാര കരാർ യാഥാർഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഒരുവേള 3,272 ഡോളറിലേക്ക് തകർന്നു. പിന്നീട് നഷ്ടം അൽപം നിജപ്പെടുത്തിയെങ്കിലും നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,310 ഡോളറിൽ. യുകെ-യുഎസ് വ്യാപാര ഡീലിന്റെ കരുത്തൽ യുഎസ് ഡോളർ ഇൻഡക്സ് ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ വീണ്ടും 100ന് മുകളിലെത്തിയതും സ്വർണക്കുതിപ്പിന് വിലങ്ങുതടിയായി. ഡോളർ ഉയരുമ്പോൾ സ്വർണത്തിന്റെ വാങ്ങൽച്ചെലവേറും. ഇതു ഡിമാൻഡിനെ ബാധിക്കുകയും വില കുറയുകയുമാണ് ചെയ്യുക.
അതേസമയം, നിലവിൽ ഏവരും ഉറ്റുനോക്കുന്നത് യുഎസ്-ചൈന താരിഫ് സമവായ ചർച്ചകളിലേക്കാണ്. സമവായമായാൽ അതു സ്വർണവിലയെ കൂടുതൽ താഴേക്കുനയിക്കും. രാജ്യാന്തരവില 3,130 ഡോളറിലേക്കുവരെ താഴ്ന്നേക്കാമെന്ന വിലയിരുത്തലുകളുണ്ട്. സമവായമില്ലെങ്കിൽ പ്രതീക്ഷിക്കുന്നത് 3,400 ഡോളറാണ്. ഔൺസിന് ഓരോ ഡോളർ ഇടിയുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു-രണ്ടര ഡോളർ കുറയാം.
പക്ഷേ, രൂപ തളരുന്നതിനാൽ രാജ്യാന്തരവിലയിലുണ്ടാകുന്ന ഇടിവിന്റെ ആനുപാതിക കുറവ് കേരളത്തിലും പ്രതിഫലിക്കാനുള്ള സാധ്യത മങ്ങുകയാണ്. കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇന്ന് കുറഞ്ഞു. ചില കടകളിൽ ഗ്രാമിന് 25 രൂപ ഉയർന്ന് 7,400 രൂപയായപ്പോൾ മറ്റുചില കടകളിൽ വ്യാപാരം നടക്കുന്നത് ഗ്രാമിന് 7,435 രൂപയിൽ. അതേസമയം, വെള്ളിവില ഗ്രാമിന് 108 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
English Summary:
Kerala Gold Price: Gold rate rises in Kerala despite sharp fall in international price, silver remains unchanged