
തീരദേശ റോഡ് വികസന ഫണ്ട്: നിർമാണം കടലാസിൽ മാത്രം; റോഡിൽ കാണാനില്ല, ഗുരുതര ക്രമക്കേടുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി ∙ കടലില്ലാത്ത പാലക്കാട്ടേക്കു തീരദേശ റോഡ് വികസന ഫണ്ട് മാറ്റിച്ചെലവഴിച്ചതിൽ ധനവകുപ്പ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സാങ്കേതികാനുമതിയിൽ നിർദേശിച്ച നിർമാണം പദ്ധതി പ്രദേശത്തു നടന്നിട്ടില്ലെന്നാണു കണ്ടെത്തൽ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും 20 ദിവസത്തിനകം റോഡ് പുനർനിർമിക്കണമെന്നും ചീഫ് ടെക്നിക്കൽ എക്സാമിനർ നിർദേശിച്ചു. ലവൽ ഫീൽഡ് (എൽഎഫ്) ബുക്കിലും കരാറുകാരനു പാസാക്കി നൽകിയ ബില്ലിലും, ഇൗ പ്രവൃത്തി ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ എഴുതിച്ചേർത്തിരിക്കുന്നത്.
റോഡിൽ നേരിട്ടു ചീഫ് ടെക്നിക്കൽ എക്സാമിനർ നടത്തിയ പരിശോധനയിലാണ്, നിർദേശിച്ച പ്രവൃത്തികളൊന്നും ചെയ്തിട്ടില്ലെന്നു കണ്ടെത്തിയത്. മൂന്നര കിലോമീറ്റർ റോഡ് നവീകരണത്തിനായി രണ്ടു കോടി രൂപയാണു കരാറുകാരനു പാസാക്കി നൽകിയിരിക്കുന്നത്. ഇതിൽ ഒരു കോടി രൂപയ്ക്കു മാത്രമേ ടെൻഡർ ഉള്ളൂ. ഇൗ ടെൻഡർ പ്രകാരമുള്ള നിർമാണത്തിൽ പകുതി പോലും ചെയ്യാതെയാണു വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഏകദേശം ഒന്നരക്കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് നിഗമനം. പുനർനിർമാണത്തിന്റെ പേരിൽ റോഡിൽനിന്നു നീക്കം ചെയ്ത മണ്ണിന്റെ കണക്കിലും വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇൗ കണക്കിൽ അടിയന്തരമായി വ്യക്തത വരുത്തണമെന്നു ചീഫ് ടെക്നിക്കൽ എക്സാമിനർ ഹാർബർ സൂപ്രണ്ടിങ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശത്തെ റോഡ് വികസനത്തിന് ഉപയോഗിക്കേണ്ടിയിരുന്ന ആറു കോടി രൂപയോളം, അഴിമതി ലക്ഷ്യമിട്ടു പാലക്കാട്ടേക്കു മറിച്ചുനൽകുകയും ഇതിൽ ഒരു കോടി രൂപയുടെ പദ്ധതിക്കു ടെൻഡറില്ലാതെ കരാർ നൽകുകയും ചെയ്ത സംഭവം കഴിഞ്ഞമാസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണു ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപയുടെ നിർമാണം നടക്കുന്നതിനു പുറമേയാണു പിഡബ്ല്യുഡി നൽകിയ ഒരു കോടി രൂപ കൂടി അധികമായി, കരാറുകാരന് ടെൻഡറില്ലാതെ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ശുപാർശക്കത്തും ‘മനോരമ’ പുറത്തുവിട്ടിരുന്നു.
‘കുറ്റക്കാർക്കെതിരെ 20 ദിവസത്തിനകം നടപടി’
ചെയ്യാത്ത പണി ചെയ്തുവെന്നു കാണിച്ചു പണം തട്ടിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ 20 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നാണു ചീഫ് ടെക്നിക്കൽ എക്സാമിനർ ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി തയാറാക്കിയ ഉദ്യോഗസ്ഥരും നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും ചീഫ് ടെക്നിക്കൽ എക്സാമിനർ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എക്സിക്യൂഷന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥരായ പൊന്നാനി ഹാർബർ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ, വർക്ക് അവാർഡ് ചെയ്ത ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എൻജിനീയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, ഡ്രാഫ്റ്റ്സ്മാൻ എന്നിവർക്കെതിരെയും 20 ദിവസത്തിനകം നടപടിയുണ്ടാകും.
റോഡ് പുനർമിക്കണം
കരാറിൽ നിർദേശിച്ച പണികൾ ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഗുരുതര വെട്ടിപ്പ് നടത്തിയ റോഡ് 20 ദിവസത്തിനകം പുനർനിർമിക്കണമെന്നാണു ധനകാര്യ വകുപ്പിന്റെ നിർദേശം. കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ തന്നെ പണികൾ ചെയ്തു തീർക്കണം. ചെയ്യാത്ത പണികൾ ചെയ്തുവെന്നു രേഖപ്പെടുത്തിയ ലവൽ ഫീൽഡ് (എൽഎഫ്) ബുക്കും കരാറുകാരനു പാസാക്കി നൽകിയ ബില്ലുകളും ഉദ്യോഗസ്ഥർക്കെതിരെയുള്ള തുടർ നടപടികളുടെ ഭാഗമായി വീണ്ടും അന്വേഷണ വിധേയമാക്കും.