
ദേശീയപാത 183–66 ബന്ധിപ്പിച്ച് ഇടനാഴി: കോട്ടയത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചി വിമാനത്താവളത്തിലെത്താം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളിൽ നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്താൻ കഴിയുമോ? നടക്കാത്ത സ്വപ്നമെന്നു പറയാൻ വരട്ടെ. ദേശീയപാത 183– 66 എന്നിവയെ ബന്ധിപ്പിച്ചുള്ള ഇടനാഴി പദ്ധതി യാഥാർഥ്യമായാൽ ആ സ്വപ്നം പൂവണിയാൻ സാധ്യതയേറെ. പദ്ധതിയുടെ സാധ്യതാ പഠനത്തിനു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കെ.ഫ്രാൻസിസ് ജോർജ് എംപി പ്രദേശം സന്ദർശിച്ചു സാധ്യതകൾ മനസ്സിലാക്കിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ദേശീയപാത അതോറിറ്റി ഉന്നത തല ഉദ്യോഗസ്ഥ സംഘം ഉടൻ കോട്ടയത്ത് എത്തും. 3 നിർദേശങ്ങൾ കോട്ടയത്ത് നിന്ന് എറണാകുളത്തേക്കു 3 റോഡ് നിർദേശങ്ങളാണ് തയാറാക്കിയത്.
മുളങ്കുഴ ജംക്ഷൻ– ചേർത്തല
ദേശീയ പാത 183ൽ മുളങ്കുഴ ജംക്ഷനിൽ നിന്ന് ആരംഭിച്ച് ഇപ്പോഴത്തെ കുമരകം റോഡിന് സമാന്തരമായി കാഞ്ഞിരം കുമരകം വഴി കവണാറ്റിൻകര. ഇവിടെ നിന്ന് ഇപ്പോഴുള്ള റോഡ് വഴി കൈപ്പുഴമുട്ട്– ബണ്ട് റോഡ് അംബികാ മാർക്കറ്റ്– തണ്ണീർമുക്കം ബണ്ട്– ചേർത്തലയിൽ എൻഎച്ച് 66ൽ പ്രവേശിക്കും.
മുളങ്കുഴ ജംക്ഷൻ– തുറവൂർ
ദേശീയ പാത 183ൽ മുളങ്കുഴ ജംക്ഷനിൽ നിന്ന് ആരംഭിച്ച് ഇപ്പോഴത്തെ കുമരകം റോഡിന് സമാന്തരമായി കാഞ്ഞിരം കുമരകം വഴി കവണാറ്റിൻകര. ഇവിടെ നിന്ന് ഇപ്പോഴുള്ള റോഡ് വഴി കൈപ്പുഴമുട്ട്. തുടർന്ന് ഇപ്പോഴുള്ള റോഡിന് സമാന്തരമായി തലയാഴം, വല്ലകം, ഉദയനാപുരം, നേരേകടവ്– മാക്കേക്കടവ്, തൈക്കാട്ടുശേരി, തുറവൂരിൽ വച്ച് എൻഎച്ച് 66 ൽ പ്രവേശിക്കും.
മുളങ്കുഴ ജംക്ഷൻ– അങ്കമാലി കുണ്ടന്നൂർ ബൈപാസ്
ദേശീയ പാത 183ൽ മുളങ്കുഴ ജംക്ഷനിൽ നിന്ന് ആരംഭിച്ച് ഇപ്പോഴത്തെ കുമരകം റോഡിന് സമാന്തരമായി കാഞ്ഞിരം കുമരകം വഴി കവണാറ്റിൻകര. ഇവിടെ നിന്ന് ഇപ്പോഴുള്ള റോഡ് വഴി കൈപ്പുഴമുട്ട്. തുടർന്ന് ഇപ്പോഴുള്ള റോഡിന് സമാന്തരമായി തലയാഴം, വല്ലകം, ഉദയനാപുരം, ചെമ്പ്, പൂത്തോട്ട, നടക്കാവ് വഴി നിർദിഷ്ട അങ്കമാലി– കുണ്ടന്നൂർ ബൈപാസിൽ പ്രവേശിക്കും.
പാടങ്ങളും ഒഴിഞ്ഞ സ്ഥലങ്ങളും കൂടുതൽ
പാടങ്ങൾ വഴിയും ഒഴിഞ്ഞ പ്രദേശങ്ങൾ വഴിയുമാണു റോഡിന്റെ ഭൂരിഭാഗം കടന്നു പോകുന്നത്. അതിനാൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കാര്യമായി ഏറ്റെടുക്കേണ്ടി വരില്ല. പാടങ്ങളിൽ തൂണുകളിലൂടെ പാത കടന്നു പോകും വിധം ഡിസൈനാണു ശ്രമിക്കുന്നത്. വിനോദ സഞ്ചാര വികസനത്തിനും എറണാകുളത്തിന്റെ സാറ്റലൈറ്റ് പ്രദേശമായി കോട്ടയത്തെ വിവിധ സ്ഥലങ്ങൾ മാറുന്നതിനും പാത സഹായിക്കും. നാലു വരി പാതയാണു വിഭാവനം ചെയ്യുന്നത്.
വഴി എങ്ങനെ വരും?
സാധ്യതാ പഠനത്തിന്റെ അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വഴി യാഥാർഥ്യമാകാൻ ഇനിയും കടമ്പകളുണ്ട്.
∙ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലത്ത് എത്തി പാത സംബന്ധിച്ച സാധ്യതാ പഠനം നടത്തണം. ഇപ്പോഴുള്ള നിർദേശങ്ങൾ തന്നെ സംഘം അനുവദിക്കണം എന്നില്ല.
∙ നിലവിലുള്ള പാതയിലെ തിരക്ക്, നിർമാണ ചെലവ്, പുതിയ പാതയുടെ പ്രയോജനം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ചേർത്തുള്ള പഠനം നടത്തും.
∙ ഈ പഠനം അനുകൂലമായാൽ കൺസൽറ്റൻസിയെ നിയമിക്കും.
∙ ഇൗ കൺസൽറ്റൻസി അലൈൻമെന്റ് അടക്കം വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും.
∙ ഇതു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റ അനുമതിക്കായി നൽകും. പാതയുടെ സാമ്പത്തിക വശം അടക്കം പഠിച്ച ശേഷം ഗതാഗത മന്ത്രാലയം അനുമതി നൽകണോ വേണ്ടയോ എന്നു തീരുമാനിക്കും.
∙ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമാണ് റോഡിന്റെ അലൈൻമെന്റ് ഏതെന്ന് ഉറപ്പിക്കുന്നത്.
∙ ഇതിനു ശേഷമാണു സ്ഥലമേറ്റെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിലേക്കു പോലും കടക്കുക.