
അയൽവീട്ടിൽനിന്നു കടം വാങ്ങിയ 100 രൂപ കൊണ്ട് തുടക്കം; ഇന്ന് പ്രതിമാസ വരുമാനം മൂന്നു ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ അയൽവീട്ടിൽനിന്നു കടം വാങ്ങിയ 100 രൂപ കൊണ്ട് ഉണ്ണിയപ്പം നിർമിച്ചു വിൽപനയ്ക്കിറങ്ങിയ മലപ്പുറം കോൽമണ്ണ സ്വദേശിനി കളത്തിങ്ങൽ ഷരീഫ സക്കീർ, കുടുംബശ്രീയുടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിന്റെ മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ സംരംഭകയ്ക്കുള്ള പുരസ്കാരം, മലപ്പുറം സിഡിഎസ് രണ്ടിൽ പ്രവർത്തിക്കുന്ന ഷരീഫയെ തേടിയെത്തിയപ്പോൾ അതിനു പിന്നിൽ പട്ടിണിയുടെയും കഠിനാധ്വാനത്തിന്റെയും കണ്ണീർക്കഥയുണ്ട്.
വാടകവീട്ടിലായിരുന്നു ഷരീഫയുടെയും കുടുംബത്തിന്റെയും താമസം. ഭർത്താവ് പെയ്ന്റിങ് ജോലിക്കാരൻ. മഴക്കാലത്തു ഭർത്താവിനു ജോലിയില്ലാതെ വന്നതോടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിൽനിന്നാണ് ഉണ്ണിയപ്പം ഉണ്ടാക്കിവിൽക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത കടയിൽനിന്ന് ഓർഡർ എടുത്തു വിതരണം ചെയ്തു. വൈകാതെ, വേറെയും പലഹാരങ്ങൾ ഉണ്ടാക്കി വിവിധ കടകളിലേക്കു വിതരണം ചെയ്യാൻ തുടങ്ങി. അതിനിടെ കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ‘ഡബ്ബാവാല’ എന്ന പേരിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. അതോടെ ഷരീഫയെന്ന സംരംഭക മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു.
കലക്ടറേറ്റിലെ ജീവനക്കാർക്ക് ഓർഡർ അനുസരിച്ചു പൊതിച്ചോർ വിതരണം ചെയ്യലായിരുന്നു ഡബ്ബാവാല പദ്ധതി. പിന്നീടു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.വീട്ടിൽ തുടങ്ങിയ മുത്തൂസ് കേറ്ററിങ് സർവീസ്, കുടുംബശ്രീ പ്രീമിയം കഫെറ്റീരിയ അടക്കം നാലോളം സംരംഭങ്ങൾ ഷരീഫയുടെ നേതൃത്വത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഒരുകാലത്തു വീടിന്റെ വാടക പോലും കൃത്യമായി നൽകാൻ കഴിയാതിരുന്ന ഷരീഫയുടെ ഇപ്പോഴത്തെ പ്രതിമാസ വരുമാനം മൂന്നു ലക്ഷം രൂപയാണ്. കോവിഡ് കാലത്തു മഞ്ചേരി മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത ഷരീഫ ഇന്നും അതു മുടക്കമില്ലാതെ തുടരുന്നുണ്ട്.