
മത്സരയോട്ടം, മരണപ്പാച്ചിൽ, തമ്മിലടി: 2 സ്വകാര്യ ബസുകൾ കസ്റ്റഡിയിൽ; ജീവനക്കാർക്കെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നമംഗലം∙ മത്സര ഓട്ടം നടത്തി യാത്രക്കാർക്ക് ഭീതി ഉണ്ടാക്കിയ 2 സ്വകാര്യ ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാർ അടക്കം ജീവനക്കാർക്ക് എതിരെ കേസെടുത്തു. ഇന്നലെ ഉച്ചയോടെ കുന്നമംഗലം ബസ് സ്റ്റാൻഡിൽ ബസുകൾ എത്തിയപ്പോൾ യാത്രക്കാർ ജീവനക്കാരെ ചോദ്യം ചെയ്ത് ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അമിത വേഗത്തിൽ മത്സര ഓട്ടം നടത്തി മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണി സൃഷ്ടിക്കുകയായിരുന്നു രണ്ടു ബസുകളും. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുന്നമംഗലം എസ്ഐ ടി.കെ.ഉമ്മറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരു ബസുകളെയും കാരന്തൂർ മുതൽ പിന്തുടരുകയായിരുന്നു. ബിഎൻഎസ്, കേരള പൊലീസ് ആക്ട്, മോട്ടർ വാഹന നിയമം വിവിധ വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കളൻതോട്∙ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് മറ്റൊരു ബസിൽ തട്ടി. ഒരു ബസിലെ ജീവനക്കാർ മറ്റൊരു ബസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഗ്ലാസ് ചീളുകൾ ദേഹത്ത് വീണ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും നിസ്സാര പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി കളൻതോട് ആണ് സംഭവം. മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിനെ മത്സര ഓട്ടത്തിനിടെ തയ്യിൽ എന്ന സ്വകാര്യ ബസ് ബ്ലോക്കിട്ട് നിർത്തി ജീവനക്കാരുടെ നേതൃത്വത്തിൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. റോഡിന് മധ്യത്തിൽ ബസ് നിർത്തിയതോടെ ഏറെ സമയം മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നു പോകാൻ കഴിഞ്ഞില്ല. കുന്നമംഗലം പൊലീസ് 3 ബസ് ജീവനക്കാർക്ക് എതിരെ അതിക്രമം, റാഷ് ഡ്രൈവിങ് അടക്കം വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു.