
ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ 130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.
2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.
130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.
വിവിധ സെക്ഷനുകളിലെ പരമാവധി വേഗം
തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.