
കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, ഭർത്താവുമായി ചേർന്ന് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; ദമ്പതികൾക്ക് ജീവപര്യന്തം തടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജീവപര്യന്തം ശിക്ഷ. പുതുപ്പള്ളി പയ്യപ്പാടി മലകുന്നം വർഗീസ് ഫിലിപ് (സന്തോഷ് –34) കൊല്ലപ്പെട്ട കേസിൽ മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എ.ആർ.വിനോദ് കുമാർ (കമ്മൽ വിനോദ് – 46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവർക്കാണ് കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി 2 ജഡ്ജി ജെ.നാസർ ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ തെളിവു നശിപ്പിച്ച കുറ്റത്തിന് കമ്മൽ വിനോദിന് 5 വർഷവും കുഞ്ഞുമോൾക്ക് 2 വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. 5 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം വേണം വിനോദ് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ. കുഞ്ഞുമോൾ 2 ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇരുവർക്കും 5 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
2017 ഓഗസ്റ്റിലാണു സംഭവം. ഓഗസ്റ്റ് 27നു മാങ്ങാനം മന്ദിരം കലുങ്കിനു സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ഒരാളുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. അന്നത്തെ ഈസ്റ്റ് എസ്എച്ച്ഒ സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു കൊല്ലപ്പെട്ടതു വർഗീസ് ഫിലിപ്പാണെന്നു തിരിച്ചറിഞ്ഞത്. സന്തോഷിന്റെ ഫോണിൽനിന്നുള്ള അവസാന കോളുകൾ പോയത് പ്രതിയായ കുഞ്ഞുമോളുടെ ഫോണിലേക്കാണെന്നും കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലിൽ കുഞ്ഞുമോളും ഒന്നാം പ്രതിയായ വിനോദും കുറ്റം സമ്മതിച്ചു. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് കണ്ടെത്തി. വിനോദും കുഞ്ഞുമോളും ചേർന്ന് ഓട്ടോയിൽ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. വിനോദ് കുഞ്ഞുമോളെക്കൊണ്ടു സന്തോഷിനെ വീട്ടിലേക്കു വിളിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണു കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം, ധനുഷ് ബാബു, എസ്.സിദ്ധാർഥ് എന്നിവർ ഹാജരായി.