
പാക്കിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈൻ കണ്ടന്റുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും ബാധിക്കുന്ന പാക്കിസ്ഥാനില്‍ നിര്‍മിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയില്‍ കാണിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളും കാണിക്കാൻ പാടില്ല എന്ന് പറയുന്നു. ഇന്ത്യയും മറ്റ് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളും പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങളും പ്രദര്‍ശിപ്പിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.
ഇന്ത്യയിലെ ഭീകരനീക്കങ്ങള്‍ പുകഴ്ത്തുന്ന തരത്തില്‍ പാക്കിസ്ഥാനിലെ പല കണ്ടന്റുകളും ഉണ്ടാകുന്നു. പഹല്‍ഗാം സംഭവത്തിലും പാക്കിസ്ഥാൻ പല ഉള്ളടക്കങ്ങളും നല്കുന്നു. ആ ഒരു സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത എന്നിവ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രധാനമായും ഇത്തരം ഉള്ളടക്കങ്ങള്‍ നല്‍കരുത് എന്ന് നിര്‍ദ്ദേശിക്കുന്നത് എന്ന് അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ സുരക്ഷ മുൻനിര്‍ത്തി ഒടിടി പ്ലാറ്റ്ഫോമുകള്, മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് ഉള്‍പ്പടെയുള്ളവ ഇന്ത്യ വിരുദ്ധമായ ഒന്നും സ്ട്രീമിംഗ് ചെയ്യരുത് എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമകള്‍, സീരീസുകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്.
അതിനിടെ പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷന് സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ആക്രമിച്ചത് ഒമ്പത് എണ്ണം മാത്രമാണ്. പാകിസ്ഥാന് സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]