
കാലിഫോര്ണിയ: ഈ വർഷം ആപ്പിൾ ഐഫോൺ 17-ന്റെ ഏറ്റവും കനം കുറഞ്ഞ പതിപ്പായ ഐഫോൺ എയർ മോഡൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള പ്ലസ് വേരിയന്റിന് പകരമായി ഐഫോൺ എയർ പുറത്തിറങ്ങും. ഇത് ഒരു പതിപ്പ് മാത്രമുള്ള ഡിവൈസ് ആയിരിക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. 9To5Mac-നെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ആപ്പിൾ ഇതിനകം തന്നെ എയർ മോഡലിന്റെ ഭാവി തലമുറകളിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇത് കമ്പനിയുടെ വാർഷിക ഐഫോൺ പുതുക്കൽ സൈക്കിളിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഐഫോൺ എയറിന് 2027-ൽ ഒരു പ്രധാന അപ്ഗ്രേഡ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആപ്പിൾ വലിയ ഡിസ്പ്ലേയുള്ള ഭാവി എയർ മോഡലിന്റെ വികസനം ആരംഭിച്ചതായി അനലിസ്റ്റ് മിംഗ് ചി കുവോ അവകാശപ്പെടുന്നു. ഈ വർഷം ഐഫോൺ 17 എയർ പുറത്തിറക്കിയതിനുശേഷം എത്തുന്ന ഐഫോൺ 18 എയറിൽ ചെറിയ സ്പെക്ക് അപ്ഡേറ്റുകൾ മാത്രമേ ലഭിക്കൂ എന്നും കുവോ പറയുന്നു. എന്നാൽ 2027-ൽ പുറത്തിറങ്ങുന്ന ഐഫോൺ 19 എയറിൽ വലിയ സ്ക്രീൻ ലഭിക്കുമെന്നും കുവോ വ്യക്തമാക്കുന്നു. കൃത്യമായ അളവുകൾ കുവോ നൽകിയിട്ടില്ലെങ്കിലും, നിലവിലെ പ്രോ മാക്സ് മോഡലുകളിൽ കാണപ്പെടുന്ന 6.9 ഇഞ്ച് വലുപ്പത്തിന് അടുത്ത് വലിപ്പമുള്ള ഒരു ഡിസ്പ്ലേ ഐഫോൺ 19 എയറിൽ ഉണ്ടായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം പുതിയ ഐഫോൺ 17 എയറിന് 6.6 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ 17 എയർ: എന്താണ് പ്രതീക്ഷിക്കേണ്ടത്
ആപ്പിളിന്റെ ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയിരിക്കും ഐഫോൺ 17 എയർ. 5.5 എംഎം ആയിരിക്കും കനം. ഇത് നിലവിൽ 6.9 എംഎം റെക്കോർഡ് ഉള്ള ഐഫോൺ 6-നേക്കാൾ കനം കുറവാണ്. ഫോണിന് അൾട്രാ സ്ലിം ഡിസൈൻ ലഭിക്കുന്നതിനായി ആപ്പിൾ ഹാർഡ്വെയർ ഭാഗങ്ങൾ കുറയക്കാൻ സാധ്യതയുള്ളതായി വിവിധ റിപ്പോർട്ടുകൾ ഉണ്ട്. ഒരുപക്ഷേ പിൻ ക്യാമറ സിസ്റ്റം ഒരൊറ്റ 48 എംപി സെൻസറിലേക്ക് പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്. ഈ ഫോണിൽ 24 എംപി മുൻ ക്യാമറയും പ്രതീക്ഷിക്കുന്നു.
120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുകളെ പിന്തുണയ്ക്കുന്ന 6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോൺ 17 എയറിൽ പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 സീരീസിനൊപ്പം അവതരിപ്പിച്ച പുതിയ ക്യാമറ കൺട്രോൾ ബട്ടണും മോഡലിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം, ഐഫോൺ 17 എയറിൽ ആപ്പിളിന്റെ അടുത്ത തലമുറ എ19 ചിപ്പ് ഉണ്ടായിരിക്കുമെന്നും ഐഫോൺ 16ഇ-യിൽ അരങ്ങേറ്റം കുറിച്ച കമ്പനിയുടെ ഇൻ-ഹൗസ് സി1 മോഡം ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]