
ദില്ലി: കളിക്കളത്തിനകത്തും പുറത്തും പരസ്പരം വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മ്മയും. നിരവധി മത്സരങ്ങളിൽ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ, രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കോലി-രോഹിത് സഖ്യത്തിന് വെറും 1 റൺ അകലെ ചരിത്ര നേട്ടമാണ് നഷ്ടമാകുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) 1,000 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങള്‍ ആരുമില്ല. കോലി – രോഹിത് സഖ്യം ഏകദിന മത്സരങ്ങളിൽ 5,315 റൺസും ടി20 മത്സരങ്ങളിൽ 1,350 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത് 999 റൺസാണ്. 1 റൺ കൂടി നേടാനായിരുന്നെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോര്‍മാറ്റിലും ആദ്യമായി 1,000 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന താരങ്ങളായി രോഹിത് ശര്‍മ്മയും വിരാട് കോലിയും മാറുമായിരുന്നു.
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ട് മുമ്പാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ പ്രകടനത്തിന് നേരെ ചോദ്യങ്ങൾ ഉയര്‍ന്നിരുന്നെങ്കിലും ടെസ്റ്റിൽ തുടരാനും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കാനും അദ്ദേഹം താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെയാണ് ഈ തീരുമാനത്തിൽ മാറ്റമുണ്ടാകുന്നതും അപ്രതീക്ഷിതമായി രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതും.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്നും ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞ് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും രോഹിത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം ഏകദിന ഫോര്‍മാറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകൻ ആരാകും എന്ന കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ജസ്പ്രീത് ബുമ്ര, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിൽ ജസ്പ്രീത് ബുമ്ര ഇന്ത്യയെ മികച്ച രീതിയിൽ നയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]