ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി (Pakistan economy) കൂടുതൽ പരുങ്ങലിൽ. വ്യോമപാതയും വിമാനത്താവളങ്ങളും അടച്ചതുമൂലം കോടിക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടമാണ് പാക്കിസ്ഥാൻ നേരിടുന്നത്. ഇതോടെ, വിദേശനാണയ ശേഖരം (Pakistan Forex Reserves) കൊഴിയാതെ പിടിച്ചുനിർത്താനായി സ്വർണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും 60 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ (Gold export ban) പാക്കിസ്ഥാൻ തീരുമാനിച്ചു.

എന്നാൽ, ദുബായിൽ നിന്ന് കുറഞ്ഞവിലയ്ക്ക് സ്വർണം വാങ്ങി നേട്ടംകൊയ്യുന്ന ഇന്ത്യയ്ക്ക് തിരിച്ചടി നൽകാനാണ് സ്വർണത്തിന്റെ കയറ്റുമതി നിരോധിച്ചതെന്നാണ് പാക്കിസ്ഥാന്റെ വാദം. യുഎഇ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്തശേഷം ആഭരണങ്ങളാക്കി പാക്കിസ്ഥാൻ കയറ്റുമതി ചെയ്യാറുണ്ട്. ഇതിൽ മുന്തിയപങ്കും പോകുന്നത് ദുബായിലേക്കും. ദുബായിൽ നിന്ന് വൻതോതിൽ സ്വർണം ഇന്ത്യയിലേക്കും പോകുന്നു. ഇതിനു തടയിടാനാണ് കയറ്റുമതി തൽകാലത്തേക്ക് നിർത്തുന്നതെന്ന് പാക്കിസ്ഥാനി സർക്കാരിന്റെ ഉദ്യോഗസ്ഥർ ആഭ്യന്തര മാധ്യമങ്ങളോട് പ്രതികരിച്ചു. 

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ 9 മാസക്കാലത്ത് 58% വളർച്ചയോടെ 1.09 കോടി ഡോളറിന്റെ  (ഏകദേശം 95 കോടി രൂപ) സ്വർണാഭരണങ്ങളാണ് പാക്കിസ്ഥാൻ കയറ്റുമതി ചെയ്തത്. അതേസമയം, ഇപ്പോഴേ ദയനീയസ്ഥിതിയിലുള്ള വിദേശനാണയ ശേഖരം കൂടുതൽ ഇടിയാതെ പിടിച്ചുനിർത്താനാണ് സ്വർണത്തിന്റെ ഇറക്കുമതി നിർത്തിയതെന്നാണ് വിലയിരുത്തലുകൾ. വെറും 1,500 കോടി ഡോളറേ (ഏകദേശം 1.27 ലക്ഷം കോടി രൂപ) പാക്കിസ്ഥാന്റെ വിദേശ നാണയ ശേഖരത്തിലുള്ളൂ. ഇന്ത്യയുടെ വിദേശനാണയ ശേഖരം 68,880 കോടി ഡോളറാണ് (59 ലക്ഷം കോടി രൂപ).

രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) നിന്ന് ഇക്കഴിഞ്ഞ മാർച്ചിൽ അനുവദിച്ച 200 കോടി ഡോളറിന്റെ (17,000 കോടി രൂപ) രക്ഷാപ്പാക്കേജിന്റെ കരുത്തിലാണ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ നിലനിൽപ്പ്. ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാനെ സാമ്പത്തികമായി കൂടുതൽ തകർക്കുമെന്ന് കഴി‍ഞ്ഞദിവസം യുഎസ് റേറ്റിങ് ഏജൻസിയായ മൂഡീസും അഭിപ്രായപ്പെട്ടിരുന്നു (Read Details).

English Summary:

Operation Sindoor Fallout: Pakistan Imposes Gold Import/Export Ban