
നന്തന്‍കോട് കൂട്ടക്കൊല: വിധി മേയ് 12ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേസില്‍ തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഈ മാസം 12ന് വിധി പറയും. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി കേഡല്‍ ജിന്സണ് രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ ഒൻപതു മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് നിഗമനം. കേഡലിനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കിയശേഷം കത്തിക്കുകയായിരുന്നു. നന്തന്‍കോട്ടുനിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് പ്രതിക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചു പ്രതി ചെന്നൈയിലേക്കു രക്ഷപ്പെട്ടു. ചെന്നൈയിലെ ഹോട്ടലില്‍നിന്നു പ്രതിയെ പിടികൂടുമ്പോള്‍ പൊള്ളലേറ്റ 31 പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഫൊന്‍സിക് വിദഗ്ധ അക്ഷര വീണ കോടതിയില്‍ അറിയിച്ചിരുന്നു.
നിര്‍ണായകമായത് മൊഴികള്‍
കേസില്‍ സംഭവസ്ഥലത്ത് കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് മനുഷ്യ ശരീരങ്ങള്‍ തന്നെയെന്ന് ഫൊറന്‍സിക് സര്ജന് ഡോ.കെ.ശശികല കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രതി കേഡല്‍ ജിന്സണ് രാജ ബന്ധുവായ ലളിതയുടെ ശരീരം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്ത് തീ ആളിയത് കാരണം ഇത് നടന്നില്ല. പ്രതി മഴു, കത്തി തുടങ്ങിയവ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. ലളിതയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം ആക്രമണം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണെന്നും ഡോ.ശശികല വ്യക്തമാക്കി.
കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്സണ് രാജ നിരവധിത്തവണ ഡമ്മിയില്‍ പരീക്ഷണം നടത്തിയിരുന്നതായി സൈബര്‍ സെല്‍ എസ്ഐ പ്രശാന്ത് മൊഴി നല്‍കിയിരുന്നു. കൊല ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മാതാപിതാക്കളുടെ ഡമ്മി നിര്‍മിച്ചശേഷം ട്രയല്‍ നടത്തിയിരുന്നു. മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ കയറി മഴു ഉപയോഗിച്ചു കഴുത്ത് മുറിക്കുന്നതു കണ്ടു പഠിച്ചതായും കേഡലിന്റെ ലാപ്ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പ്രശാന്ത് മൊഴി നല്കി.
ആസ്ട്രല്‍ പ്രൊജക്ഷന്, കൊലപാതകത്തില്‍ ഉന്മാദം
അറസ്റ്റിലായശേഷം പ്രതി നിരന്തരം മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരെ വലച്ചിരുന്നു. അവഗണനയില്‍ പ്രതിഷേധിച്ചു രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താന്‍ കൊല നടത്തിയതെന്ന മൊഴിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നത്. ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തുന്ന പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്ഷന് ചെയ്യുന്നതിനിടെയാണു കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മകനായിട്ടും പഠനത്തില്‍ പിന്നാക്കമായതിനാല്‍ വീട്ടില്‍ അവഗണനയായിരുന്നുവെന്നായിരുന്നു മൊഴി. ആദ്യം അമ്മയെയും പിന്നീട് സഹോദരിയെയും അച്ഛനെയും മുറിയില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി. കത്തിക്കാന്‍ പെട്രോളും വെട്ടിക്കൊല്ലാനായി ആയുധങ്ങളും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിരുന്നു. ആഭിചാര കര്‍മങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കേഡല്‍ കൊലപാതകത്തില്‍ ഉന്മാദം കണ്ടെത്തിയെന്നാണു മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നത്. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്കു വഴിമാറി. ജീവിത സാഹചര്യങ്ങളും ഇതിനു കാരണമായി. കുടുംബത്തിലെ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കേഡലിനു വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പിതാവില്‍നിന്ന് അവഗണന നേരിട്ടിരുന്നു. അതിനാല്‍ പിതാവിനോടു കടുത്ത വിരോധമായിരുന്നു. പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.