
ഡ്രൈവർ കം കണ്ടക്ടറുടെ കുറവ്: താമരശ്ശേരി– തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് പ്രതിസന്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി∙ ജീവനക്കാർ ഇല്ല, കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽ നിന്നു പുതുതായി ആരംഭിച്ച തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് പ്രതിസന്ധിയിൽ. നിലവിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ പരിശീലനം നേടിയ ജീവനക്കാരാണ് ദീർഘദൂര സർവീസുകൾ നടത്തുന്നത്. തിരുവനന്തപുരം സർവീസ് നടത്തുന്നതിനുള്ള സൂപ്പർ ഫാസ്റ്റ് ബസുകൾ അനുവദിച്ചപ്പോൾ സർവീസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ പരിശീലനം നേടിയ ജീവനക്കാരെ അനുവദിക്കാത്തതാണ് പ്രതിസന്ധി.
നിലവിൽ ദിവസ വേതനക്കാരായ ഡ്രൈവറും കണ്ടക്ടറുമാണ് സർവീസ് നടത്തി വരുന്നത്. വിശ്രമമില്ലാതെ ദീർഘദൂര സർവീസ് പോകാൻ കഴിയില്ലെന്ന് ഇവരിൽ ചിലർ ഡിപ്പോ അധികൃതരെ രേഖാമൂലം അറിയിച്ചു. സർവീസ് ടൈം ഷെഡ്യൂൾ പ്രകാരം ഒരു ഭാഗത്തേക്ക് 16 മണിക്കൂർ യാത്രയാണുള്ളത്. ട്രാഫിക് പ്രശ്നവും മറ്റും മൂലം ഇതിലും മൂന്നും നാലും മണിക്കൂർ വൈകിയാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.
താമരശ്ശേരി ഡിപ്പോക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർ ഇല്ലെന്ന് പറഞ്ഞ് 10 മാസം മുൻപ് ബത്തേരി ഡിപ്പോയിലേക്ക് മാറ്റിയതാണ്. ഇത് സംബന്ധിച്ച് മനോരമയിൽ വാർത്ത വന്നതോടെ എം.കെ.മുനീർ എംഎൽഎ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ ബസുകൾ അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 8ന് ആണ് താമരശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ സർവീസ് വീണ്ടും ആരംഭിച്ചത്.
ദീർഘ ദൂര യാത്രക്കാരുടെ കുറവ് കണക്കിലെടുത്ത് നാളെ മുതൽ റൂട്ടിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ താമരശ്ശേരിയിൽ നിന്ന് 5.15 ന് ആരംഭിച്ച് മുക്കം, അരീക്കോട്, തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഈരാറ്റുപേട്ട, പത്തനംതിട്ട, പുനലൂർ, കിളിമാനൂർ, തിരുവനന്തപുരം വഴി കളയിക്കാവിള വരെയാണ് സർവീസ്. തിരിച്ച് നെടുമങ്ങാട്, തെൻമല, പൂനൂലൂർ വഴിയായിരുന്നത് നാളെ മുതൽ തെൻമല ഒഴിവാക്കിയാണ് സർവീസ് നടത്തുക. താമരശ്ശേരിയിൽ നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് 442 കിലോ മീറ്റർ ദൂരമാണുള്ളതെങ്കിൽ ഈ മലയോര ഹൈവേ വഴി 26 കിലോ മീറ്റർ അധിക ദൂരം വരും.
ദീർഘദൂര സർവീസുകൾ നടത്തുന്ന താമരശ്ശേരി ഡിപ്പോയിൽ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരെ നിയമിക്കാതെ സർവീസ് തന്നെ മുടങ്ങുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് രാത്രികാല സർവീസ് നടത്തിയിരുന്ന തിരുവനന്തപുരം എക്സ്പ്രസ് സർവീസും ഡ്രൈവർ കം കണ്ടക്ടർ ഇല്ലെന്ന ന്യായം പറഞ്ഞ് ഇപ്പോഴും ബത്തേരി ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തുന്നത്.