
കോട്ടയം മെഡിക്കൽ കോളജ് വളപ്പ് ക്രിമിനൽ താവളം; വേണ്ടത്ര സുരക്ഷയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാന്ധിനഗർ ∙ ആവശ്യത്തിനു നിരീക്ഷണ ക്യാമറകൾ ഇല്ല, ഉള്ളതിൽ പലതും പ്രവർത്തന രഹിതം. കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതര സുരക്ഷാ വീഴ്ചകളെന്നു പൊലീസ്. സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് ഗാന്ധിനഗർ പൊലീസ് കത്ത് നൽകും.കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ സാമൂഹികവിരുദ്ധരും ക്രിമിനലുകളും താവളമടിച്ചിരിക്കുകയാണെന്നു കുറെ നാളായി പരാതിയുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ കുറവ് മൂലം ഇത്തരക്കാരെ കണ്ടെത്താൻ കഴിയുന്നില്ല. 3 നേരവും സൗജന്യ ഭക്ഷണവും കിടക്കാൻ ഇടവും ലഭിക്കുന്നതാണ് ക്രിമിനലുകളെ ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്നത്.
ആശുപത്രി വളപ്പിനുള്ളിൽ കഞ്ചാവ് വിൽപനക്കാർ ഉൾപ്പെടെയുള്ളവർ കടന്നു കൂടിയിട്ടുണ്ട്. മോഷണങ്ങളും പോക്കറ്റടിയും പതിവാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആക്രമിക്കുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോക്ടറുടെ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.
ക്യാമറകൾ നോക്കുകുത്തി
മെഡിക്കൽ കോളജ് വളപ്പിലെ പല നിരീക്ഷണ ക്യാമറകളും പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്ന ക്യാമറകൾ തിരിച്ചുവച്ച് ലക്ഷ്യം മാറ്റിയിരിക്കുകയാണ്. ശുചിമുറി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ താഴേക്ക് തൂങ്ങിയ നിലയിലാണ്. അത്യാവശ്യമുള്ള പല സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടില്ല.ബൂം വാരിയർ സംവിധാനത്തിലും പാളിച്ചകൾ ഉണ്ട്. അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് റിക്കോർഡ് ചെയ്യുകയും സമയക്രമത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിങ് ഫീ ഈടാക്കുകയും ചെയ്യുന്നതാണ് ബൂം വാരിയർ ക്യാമറ സംവിധാനം.
കവാടങ്ങളും സുരക്ഷിതമല്ല
ദിനംപ്രതി പതിനായിരക്കണക്കിനു ആളുകളെത്തുന്ന സ്ഥാപനങ്ങളിൽ കവാടങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. എൻട്രി (1), എക്സിറ്റ്(1), എമർജൻസി ഗേറ്റ്(1) എന്നിങ്ങനെയാണ് വേണ്ടത്. എന്നാൽ ആശുപത്രി വളപ്പിലേക്ക് കയറാൻ ഇറങ്ങാനും പല വഴികളുണ്ട്. സംരക്ഷണ മതിലുകൾ പല ഭാഗത്തും ഇടിഞ്ഞും തുറന്നും കിടക്കുകയാണ്. ഇത് സാമൂഹിക വിരുദ്ധർക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നു.
ആശുപത്രിവളപ്പിൽ 10 ബ്ലാക്ക് സ്പോട്ടുകൾ
മെഡിക്കൽ കോളജ് വളപ്പിനുള്ളിൽ പത്ത് ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ആശുപത്രി പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപ് ഗാന്ധിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ സുരക്ഷ വർധിപ്പിക്കണമെന്നും ക്യാമറകൾ സ്ഥാപിക്കണമെന്നും അന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല.
ആശുപത്രി വളപ്പിൽ പത്തോളം ക്രിമിനലുകൾ
മെഡിക്കൽ കോളജ് വളപ്പിൽ പത്തോളം ക്രിമിനലുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വധശ്രമ കേസിലെ പ്രതിയായ കാട്ടാക്കട ചന്ദ്രനെ പിടികൂടാൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തുന്നത്. എന്നാൽ ഇവരിൽ പലരും വന്നു പോകുന്നവരാണ്. ആശുപത്രി രേഖകളുമായാണ് ഇവർ നടക്കുക. അതുകൊണ്ട് പിടികൂടുക എളുപ്പമല്ല.