
തൃശൂർ പൂരം: വൃത്തിയാക്കാൻ മിന്നൽവേഗം; തേക്കിൻകാട് മൈതാനം മൂന്ന് മണിക്കൂറിനകം ശുചീകരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ 17 ലക്ഷത്തിലേറെ പേർ പങ്കെടുത്ത തൃശൂർ പൂരം മൈതാനം വൃത്തിയാക്കിയതു വെറും 3 മണിക്കൂർ കൊണ്ട്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ പകൽപൂരത്തിന് ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം നടത്തിയ വെടിക്കെട്ട് അവസാനിച്ചതോടെ നേരത്തെ തീരുമാനിച്ച പ്രകാരം ക്ലീൻ ഡ്രൈവ് ആരംഭിച്ചു. തൃശൂർ കോർപറേഷനിലെയും മറ്റു കോർപറേഷനിലെയും 500ലധികം ശുചീകരണ തൊഴിലാളികളും ജീവനക്കാരും ഹരിത കർമസേനാംഗങ്ങളും ഉൾപ്പെടെ 1000ത്തിലധികം പേരാണു ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. കോർപറേഷന്റെ മുഴുവൻ വാഹനങ്ങളും ക്ലീൻ ഡ്രൈവിന് ഉപയോഗിച്ചു. തേക്കിൻകാട് മൈതാനത്തിന്റെ ഉൾവശം ഇന്നർ, മൈതാനത്തിന്റെ പുറംഭാഗം ഔട്ടർ എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ചാണു ക്ലീൻ ഡ്രൈവ് നടത്തിയത്. ഈ ഭാഗങ്ങൾ ഒരേ സമയം വേഗത്തിൽ വൃത്തിയാക്കുക എന്നതായിരുന്നു രീതി.
ആനപ്പിണ്ടം, ആന തിന്ന പട്ടകളുടെ അവശിഷ്ടം, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലുകുപ്പികൾ, ബലൂണുകൾ, ഭക്ഷണാവശിഷ്ടം തുടങ്ങി 10 തരം മാലിന്യങ്ങൾ 10 സംഘങ്ങളായി ശേഖരിച്ചു. പ്രാഥമിക വേർതിരിക്കലിനു ശേഷം പറവട്ടാനിയിലെ റിസോഴ്സ് റിക്കവറി സെന്ററിൽ വീണ്ടും വേർതിരിക്കും.
പുനരുപയോഗ സാധ്യതയുള്ളവ ക്ലീൻ കേരള കമ്പനി വഴി വിൽപന നടത്തും. ബെയിൽ ചെയ്യാനുള്ള മാലിന്യം ബെയിൽ ചെയ്ത ശേഷം ക്ലീൻ കേരള കമ്പനി തന്നെ സിമന്റ് നിർമാണ ഫാക്ടറികൾക്കു കൈമാറും. പൂരത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ ശുചീകരണം സംബന്ധിച്ച യോഗങ്ങൾ നടത്തി കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന ഹെൽത്ത് ഇൻസ്പെക്ടർമാരെയും ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി പരിശീലനവും നൽകിയിരുന്നു.
മേയർ എം.കെ.വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, സെക്രട്ടറി വി.പി.ഷിബു, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എ.ജെ.ഷാജു, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ശുചിത്വ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 500ലധികം ശുചീകരണ വിഭാഗം ജീവനക്കാരും നൂറിലേറെ ആരോഗ്യ വിഭാഗം ജീവനക്കാരും സജീവമായി പങ്കെടുത്തു.