
കരുതലിന്റെ സൈറൺ മുഴങ്ങി; അഞ്ചിടത്ത് സിവിൽ ഡിഫൻസ് മോക് ഡ്രിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിച്ച സിവിൽ ഡിഫൻസ് മോക് ഡ്രിൽ ജില്ലയിലെ അഞ്ചിടങ്ങളിൽ നടന്നു. കുമളി മന്നാംകുടി സിഎസ്സി കമ്യൂണിറ്റി സ്റ്റഡി സെന്റർ, അടിമാലി മന്നാംകണ്ടം ഗവ. ഹൈസ്കൂൾ, തൊടുപുഴ ഡോ.എപിജെ അബ്ദുൽ കലാം ജിഎച്ച്എസ്എസ്, മൂന്നാർ എൻജിനീയറിങ് കോളജ്, മാമലക്കണ്ടം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ മോക് ഡ്രില്ലിന്റെ ഭാഗമായി സൈറൺ മുഴങ്ങി. പൊലീസ്, അഗ്നിരക്ഷാസേന, റവന്യു വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, മോട്ടർ വാഹന വകുപ്പ് എന്നിവ സംയുക്തമായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. കെട്ടിടനാശത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനമാണ് തൊടുപുഴയിൽ നടന്നത്.
ബിഎസ്എൻഎൽ റോഡിലുള്ള ബഹുനില മന്ദിരത്തിൽ സ്ഫോടനം നടക്കുന്നതും അപകടത്തിൽ പെട്ടവരെ വിവിധ സേനകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി ചികിത്സ നൽകുന്നതു വരെയുള്ള പ്രവർത്തനങ്ങളാണ് മോക് ഡ്രില്ലിൽ ക്രമീകരിച്ചിരുന്നത്. ദുരന്തസ്ഥലത്തു നിന്ന് രണ്ട് ആംബുലൻസുകളും അഗ്നിരക്ഷാ സേനയുടെ വാഹനവും തൊടുപുഴ എപിജെ അബ്ദുൽ കലാം ഹയർസെക്കൻഡറി സ്കൂളിൽ തയാറാക്കിയ ചികിത്സാ ക്യാംപിലേക്ക് പരുക്കേറ്റവരുമായി ഇരച്ചു പാഞ്ഞെത്തി. അവിടെ കാത്തുനിന്ന ആരോഗ്യ പ്രവർത്തകരും അഗ്നിരക്ഷാ പ്രവർത്തകരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തമിത്ര സേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ക്യാംപിലേക്ക് മാറ്റി.
3 ഡോക്ടർമാരടങ്ങുന്ന 18 അംഗ ആരോഗ്യ പ്രവർത്തകർ ചികിത്സയ്ക്ക് നേതൃത്വം നൽകി. 4.30ന് മോക്ഡ്രിൽ അവസാനിച്ചു. ഇടുക്കി എൻജിനീയറിങ് കോളജിൽ തീപിടിത്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനം നടക്കും. സെർച് ആൻഡ് റെസ്ക്യു പ്രവർത്തനം മൂന്നാറിലും നടക്കും. ഫയർ ആൻഡ് റെസ്ക്യു വകുപ്പിനാണ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. ഇതു സംബന്ധിച്ച് ജില്ലാതല വകുപ്പു മേധാവികളുടെ യോഗം ഇന്നലെ രാവിലെ കലക്ടറുടെ ചേംബറിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, എഡിഎം ഷൈജു പി.ജേക്കബ്, ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.
ഉരുൾപൊട്ടൽ: മോക് ഡ്രിൽനടത്തി
ചെറുതോണി ∙ സൈറൺ മുഴക്കി ചീറിപ്പാഞ്ഞെത്തിയ ഫയർ എൻജിൻ, പിന്നാലെ ആംബുലൻസുകൾ, രക്ഷാപ്രവർത്തനത്തിനു സജ്ജമായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ, റാപ്പിഡ് റെസ്പോൺസ് ടീം, മെഡിക്കൽ ടീം, പൊലീസ്, പോരാത്തതിനു ജനപ്രതിനിധികളുടെ സംഘവും; ആദ്യം പൊതുജനങ്ങളിൽ ആശങ്കയും അമ്പരപ്പുമാണുണ്ടായത്. പിന്നെ ആശങ്ക കൗതുകത്തിനു വഴിമാറി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട് ബസ് സ്റ്റാൻഡിലാണ് ഇന്നലെ രാവിലെ ഈ രംഗങ്ങൾ അരങ്ങേറിയത്. അടിയന്തര സാഹചര്യം നേരിടുന്നതിന് പര്യാപ്തരാക്കുന്ന മോക്ക് ഡ്രിൽ ആണെന്ന അനൗൺസ്മെന്റ് വന്നതോടെ പൊതുജനങ്ങളും ബസ് കാത്തു നിന്നവരും മോക്ക് ഡ്രില്ലിന്റെ ഭാഗമായി.
അടിയന്തരഘട്ടങ്ങളെ നേരിടാൻ സജ്ജരായിരിക്കുകയെന്ന സന്ദേശം നൽകി കിലയുടെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് റെസ്ക്യു, പൊലീസ്, ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. വണ്ണപ്പുറം, വെള്ളിയാമറ്റം, കരിമണ്ണൂർ, ഉടുമ്പന്നൂർ, ആലക്കോട്, കുടയത്തൂർ, അറക്കുളം, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി എന്നീ 11 പഞ്ചായത്തുകൾക്ക് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതല ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പ് പരിശീലനം ചേലച്ചുവട് ടൗണിൽ രാവിലെ 11 മണിയോടെ ആരംഭിച്ചത്. ടൗണിലെ 3 കേന്ദ്രങ്ങളിലായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
അസംബ്ലി പോയിന്റ് ചേലച്ചുവട് ബസ് സ്റ്റാൻഡ് പരിസരവും, ദുരന്തബാധിത മേഖല ചേലച്ചുവട് ലൈബ്രറി ഹാൾ പ്രദേശവും, ഷെൽറ്റർ ക്യാംപ് ചുരുളി സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളുമായിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി ചുരുളി സെന്റ് തോമസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പൊതുയോഗം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി തഹസിൽദാർ റാം ബിനോയി അധ്യക്ഷനായി. വാഴത്തോപ്പ്, മരിയാപുരം, വണ്ണപ്പുറം, വെള്ളിയാമറ്റം, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് പോൾ, ജിൻസി ജോയ്, ബിജു, മോഹൻദാസ് പുതുശ്ശേരി, ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.