
ന്യൂഡൽഹി∙ ഇന്ത്യ–യുകെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇവിടെയും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിലും വില കുറയും. കുറഞ്ഞ വില ഡിമാൻഡ് കൂട്ടുമെന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കുതിച്ചുയരും.
ബ്രിട്ടനിൽ നിന്നുള്ള വിസ്കി, ജിൻ എന്നിവയുടെ തീരുവ ഇന്ത്യ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും.
ബ്രിട്ടനിൽ നിന്നുള്ള വാഹന ഇറക്കുമതി തീരുവ 100 ശതമാനമായിരുന്നതു പരിമിതമായ ക്വോട്ട അടിസ്ഥാനത്തിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും.
ചുരുക്കത്തിൽ ബ്രിട്ടിഷ് വിസ്കി, ജിൻ, വാഹനങ്ങൾ എന്നിവയുടെ വില ഇന്ത്യയിൽ കുറയും. ബ്രിട്ടനിൽ നിന്നുള്ള സൗന്ദര്യവർധകവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മെഷിനറി, ആട്ടിറച്ചി, സാൽമൺ മത്സ്യം, ശീതള പാനീയങ്ങൾ, ചോക്ലേറ്റ്, ബിസ്കറ്റുകൾ എന്നിവയുടെ തീരുവ കുറയ്ക്കുമെന്നതിനാൽ ഇവയുടെയും വില കുറയും.
ഇന്ത്യയുടെ തീരുവ കുറയ്ക്കൽ വഴി ആദ്യ വർഷം തന്നെ 4,513 കോടി രൂപയുടെ ലാഭം കമ്പനികൾക്കുണ്ടാകുമെന്നാണ് ബ്രിട്ടിഷ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യയിൽ തൊഴിലാളികൾ വലിയ തോതിൽ തൊഴിലെടുക്കുന്ന ടെക്സ്റ്റൈൽസ്, സീഫുഡ്, തുകൽ, കളിപ്പാട്ടം, ജ്വല്ലറി, വാഹനഘടകനിർമാണം തുടങ്ങിയവയ്ക്ക് കരാർ പുതിയ ഉണർവ് നൽകും.
ഈ മേഖലകളിൽ കയറ്റുമതി വൻതോതിൽ കൂടുമെന്നാണ് പ്രതീക്ഷ.ടെക്സ്റ്റൈൽസ് മേഖലയിൽ വിയറ്റ്നാം, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിൽ ഉയർന്ന സ്വീകാര്യത ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു. മറ്റ് പ്രത്യേകതകൾ ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർ, ഇന്ത്യൻ കമ്പനികൾ അയയ്ക്കുന്ന കരാർ ജീവനക്കാർ, സ്ഥലം മാറ്റം ലഭിക്കുന്ന ജീവനക്കാരും അവരും കുടുംബവും, യോഗ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ തുടങ്ങിയവർക്ക് ബ്രിട്ടനിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business 3 വർഷത്തിനു താഴെയുള്ള കാലയളവിലേക്കു മാത്രം ജോലി ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് അവിടത്തെ സാമൂഹിക സുരക്ഷാ നികുതി നൽകേണ്ടതില്ല. ജീവനക്കാരെ ബ്രിട്ടനിലേക്ക് അയയ്ക്കുന്ന കമ്പനികൾക്ക് ഇതുവഴി ചെലവ് കുറയും.
ബ്രിട്ടനിലേക്കുള്ള കയറ്റുമതി ദുഷ്കരമാക്കുന്ന ‘തീരുവ ഇതര പ്രതിബന്ധങ്ങൾ’ ഇന്ത്യയ്ക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ സൃഷ്ടിക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തും. ഇന്ത്യ–ബ്രിട്ടൻ വ്യാപാരം: ഒറ്റനോട്ടത്തിൽ ഇന്ത്യയുമായുള്ള മൊത്തം വ്യാപാരം കണക്കിലെടുക്കുമ്പോൾ 16–ാം സ്ഥാനത്താണ് നിലവിൽ ബ്രിട്ടൻ.
ഇറക്കുമതിയിൽ 20–ാം സ്ഥാനവും കയറ്റുമതിയിൽ ആറാം സ്ഥാനവുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ആറാമതാണ് ബ്രിട്ടൻ.
2023-24 (ബ്രാക്കറ്റിൽ വിഹിതം)
ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി: 841.3 കോടി ഡോളർ (1.24%)
ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി: 1,292 കോടി ഡോളർ (2.95%)
ആകെ: 2,133.6 കോടി ഡോളർ
ഇന്ത്യയുമായുള്ള വ്യാപാരം: ടോപ് 3 രാജ്യങ്ങൾ
കയറ്റുമതി: യുഎസ്, യുഎഇ, നെതർലൻഡ്സ്
ഇറക്കുമതി: ചൈന, യുഎഇ, യുഎസ്
മൂന്നര വർഷം, 3 പ്രധാനമന്ത്രിമാർ!
ഇന്ത്യ–ബ്രിട്ടൻ വ്യാപാരക്കരാർ 2022 ഒക്ടോബറിൽ ഒപ്പുവയ്ക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ധാരണയായത്.
എന്നാൽ അകാരണമായി വൈകി. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം 2022 ഡിസംബറിൽ ചർച്ച പുനരാരംഭിച്ചു.
എങ്കിലും തടസ്സങ്ങൾ നേരിട്ടു. ഋഷി സുനക് സ്ഥാനമൊഴിഞ്ഞ ശേഷം കരാറിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി.
കിയേർ സ്റ്റാമെർ കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷമാണ് ചർച്ച വീണ്ടും ട്രാക്കിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]