കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (Chief Economic Adviser/CEA) കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ (Krishnamurthy V Subramanian) എഴുതിയ പുതിയ പുസ്തകം കോടികൾ ചെലവിട്ടു വാങ്ങി വെട്ടിലായി യൂണിയൻ ബാങ്ക് (Union Bank of India). പുസ്തകത്തിന്റെ രണ്ടുലക്ഷത്തിനടുത്ത് കോപ്പികളാണ് പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് 7.25 കോടി രൂപയ്ക്ക് വാങ്ങിയത്. വിവാദമായതോടെ, പുസ്തകം വാങ്ങിയ നടപടിയിൽ പിഴവുകളുണ്ടായെന്നും പരിശോധിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് എൻഎസ്ഇയിൽ യൂണിയൻ ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 6.19 ശതമാനം ഇടിഞ്ഞ് 118.40 രൂപയിൽ.

സുബ്രഹ്മണ്യൻ രചിച്ച ‘ഇന്ത്യ@100: എൻവിഷനിങ് ടുമാറോസ് ഇക്കണോമിക് പവർഹൗസ്’ (India@100: Envisioning Tomorrow’s Economic Powerhouse) എന്ന ഗ്രന്ഥമാണ് ബാങ്കിന്റെ ഇടപാടുകാർക്കും കോർപറേറ്റുകൾ, സ്കൂളുകൾ, കോളജുകൾ, ഇന്ത്യയിലെമ്പാടുമുള്ള ലൈബ്രറികൾ എന്നിവിടങ്ങളിലും വിതരണം ചെയ്യാനായി യൂണിയൻ ബാങ്ക് വാങ്ങിയത്. നിലവാരം കുറഞ്ഞ കവറുള്ള 1,89,450 കോപ്പികൾ‌ ഒന്നിന് 350 രൂപനിരക്കിലും നിലവാരം കൂടിയ കവറുള്ള 10,422 കോപ്പികൾ ഒന്നിന് 597 രൂപ നിരക്കിലുമാണ് വാങ്ങിയത്. 

യൂണിയൻ ബാങ്ക്

50% തുക മുൻകൂർ നൽകിയായിരുന്നു വാങ്ങൽ. ബാങ്കിന്റെ 18 സോണൽ ഓഫീസുകൾ മുഖേന 10,000 കോപ്പികൾ വീതം വിതരണം ചെയ്യാനായിരുന്നു തീരുമാനമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴി‍ഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുന്നത് സംബന്ധിച്ച വിഷയങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

ഐഎംഎഫിൽ നിന്ന് ‘പുറത്തായതിനു’ പിന്നിൽ…?

2018 മുതൽ 2021 വരെയാണ് കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ (കെ.വി. സുബ്രഹ്മണ്യൻ) കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നത്. 2022ൽ രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) ഇന്ത്യയുടെ പ്രതിനിധിയായി നിയമിച്ചു. കാലാവധി പൂർത്തിയാകാൻ 6 മാസം ബാക്കിനിൽക്കേ, കഴിഞ്ഞദിവസം അദ്ദേഹത്തെ കേന്ദ്രസർക്കാർ തിരിച്ചുവിളിച്ചിരുന്നു. യൂണിയൻ ബാങ്ക് മുഖേന പുസ്തകത്തിന്റെ വിൽപന കൂട്ടാനുള്ള നടപടികളിൽ കേന്ദ്രത്തിനുണ്ടായ അതൃപ്തിയാണ് അദ്ദേഹത്തെ തിരികെവിളിക്കാൻ കാരണമെന്ന് സൂചനകളുണ്ട്. കേന്ദ്രമോ കെ.വി. സുബ്രഹ്മണ്യനോ പ്രതികരിച്ചിട്ടില്ല.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Union Bank’s ₹7.25 cr book purchase faces heat amid Subramanian’s IMF exit