
‘കുത്തിയ കത്തിയുടെ നീളവും മുറിവിന്റെ ആഴവും’ അളന്ന് ‘കാട്ടാക്കട ചന്ദ്രനെ’ പൊക്കി ഗാന്ധിനഗർ പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാന്ധിനഗർ ∙ കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ ഡോക്ടറുടെ ഡ്രൈവറെ കുത്തി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഗാന്ധിനഗർ പൊലീസ് കെട്ടിയത് നാടോടി വേഷം. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ചന്ദ്രനെ (കാട്ടാക്കട ചന്ദ്രൻ– 49)നെ പിടികൂടാനാണ് പൊലീസ് നാടോടി വേഷത്തിൽ 2 ദിവസം മെഡിക്കൽ കോളജ് വളപ്പിൽ കഴിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തിരുവല്ല ഓതറ സ്വദേശി ഷിബുവിനെ (തോമസ്–53) അജ്ഞാതൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. അക്രമിയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകളിലും പതിഞ്ഞില്ല. കുത്തേറ്റയാൾക്കു പ്രതിയെ മുൻപരിചയവും ഉണ്ടായിരുന്നില്ല.
‘താടിയും മുടിയും ഉള്ള ഒരാൾ’ അത് മാത്രമായിരുന്നു പ്രതിയെക്കുറിച്ച് കുത്തേറ്റ ആൾ പറഞ്ഞ ലക്ഷണം. പലരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ കുത്തേറ്റ ഷിബുവിന്റെ ആരോഗ്യനില വഷളാവുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ അന്വേഷണവും വഴിമുട്ടി. ഒരു സൂചന പോലുമില്ലാതെ എങ്ങനെ ആളെ കണ്ടെത്തുമെന്നറിയാതെ വിഷമിച്ച സഹപ്രവർത്തകരോട് എസ്ഐ അനുരാജ് ചോദിച്ചു, ഈ സിസിടിവിയും മൊബൈൽ ഫോണും ഇന്നലെയല്ലേ വന്നത്, മുൻപ് ‘കുത്തിയ കത്തിയുടെ നീളവും മുറിവിന്റെ ആഴവും’ വച്ച് കേസ് തെളിച്ച ചരിത്രം കേരള പൊലീസിനില്ലേ?…
ഇതോടെ സഹപ്രവർത്തകർ ആവേശത്തിലായി. തുടർന്നാണ് പൊലീസ് ഒരു തിരക്കഥ മെനഞ്ഞതും കൈലി മുണ്ടും നരച്ച ഷർട്ടും ധരിച്ച് നാടോടി വേഷത്തിൽ ആശുപത്രി വളപ്പിൽ കയറിയതും. പ്രതി ആശുപത്രി വളപ്പിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്ന് ഉറപ്പിച്ചായിരുന്നു ഈ നീക്കം. ഷാപ്പിലും ബാറിലും ബിവറേജിലും കടത്തിണ്ണയിലുമൊക്കെ രാത്രിയും പകലുമെന്ന വ്യത്യാസമില്ലെതെ പൊലീസ് ചെലവഴിച്ചു. അലഞ്ഞ് തിരിഞ്ഞു നടക്കുന്നവരുമായി അടുത്തു കൂടി. ‘എടാ എന്നാലും കഴിഞ്ഞ ദിവസം ഒരുത്തനെ കുത്തിയിട്ട് മുങ്ങിയവൻ ആരാടാ’ ചങ്ങാത്തത്തിനിടയിൽ പൊലീസിന്റെ ചോദ്യം ഇതായിരുന്നു. സൗജന്യ ഭക്ഷണം വാങ്ങാനെത്തുന്ന യാചകരേയും ആക്രി പെറുക്കുകാരേയും സമീപിച്ച് വിവരം ശേഖരിച്ചു.
ഇക്കൂട്ടത്തിൽ അക്രമവാസന ഉള്ളവരേക്കുറിച്ചു പ്രത്യേകമായി അന്വേഷിച്ചു. ഇതിനിടയിലാണ് തിരുവനന്തപുരം ജില്ലയിൽ വധശ്രമക്കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചന്ദ്രന്റെ പേര് പൊലീസിന്റെ കാതിലെത്തുന്നത്. സദാസമയവും ഇയാളുടെ പക്കൽ കത്തി ഉണ്ടാകുമെന്നു കൂടി അറിഞ്ഞതോടെ പൊലീസ് ഉറപ്പിച്ചു, പണി നടത്തിയത് ചന്ദ്രൻ തന്നെ! പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കുട്ടികളുടെ ആശുപത്രി പരിസരത്തു നിന്നും കാട്ടാക്കട ചന്ദ്രനെ പൊലീസ് കയ്യോടെ പൊക്കി. ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
ഇയാളുടെ പക്കൽനിന്നും കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ എം.എച്ച്. അനുരാജ്, പൊലീസ് ഉദ്യോഗസ്ഥരായ ടി.ആർ.രഞ്ജിത്ത്, പി.ടി. അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.