
പുതിയ സിഗ്നൽ ലൈറ്റ് വന്നു; പാലക്കാട് നഗരത്തിൽ ഊരിമാറ്റിയത് 40 നിരീക്ഷണ ക്യാമറകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ നഗരത്തിൽ പുതിയ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെ നഗരസഭയുടെ സുരക്ഷാ ക്യാമറകളിൽ ചിലത് കണ്ണടച്ചു. നഗര പരിധിയിലെ പ്രധാന ജംക്ഷനുകളിലെ നാൽപതോളം ക്യാമറകളാണു പുതിയ സിഗ്നൽ തൂണുകൾ വന്നതോടെ പഴയ കരാറുകാരൻ തൽക്കാലത്തേക്ക് ഊരി മാറ്റിയത്. മിഷൻ സ്കൂൾ ജംക്ഷൻ, ഐഎംഎ ജംക്ഷൻ, കോഴിക്കോട് ബൈപാസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളാണ് ഊരി മാറ്റിയത്. പഴയ സിഗ്നൽ ലൈറ്റ് തൂണുകളിലാണു ക്യാമറകൾ സ്ഥാപിച്ചിരുന്നത്. പുതിയ മാതൃകയിലുള്ള സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ മറ്റൊരു കരാറുകാരൻ കരാർ ഏറ്റെടുത്തിരുന്നു. നഗരത്തിലെ പലയിടങ്ങളിലും പുതിയ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും ആരംഭിച്ചു. ഇതോടെയാണ് പഴയ തൂണുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ മാറ്റിയത്.
പുതിയ തൂൺ സ്ഥാപിച്ചോ അല്ലെങ്കിൽ നിലവിലുള്ള തൂണുകളിലോ ക്യാമറകൾ പഴയപടി ഇനി സ്ഥാപിക്കണം. എന്നാൽ പുതിയ സിഗ്നൽ ലൈറ്റിന്റെ തൂണിൽ പരസ്യം വരുന്നതോടെ ക്യാമറകൾ മറയാനും സാധ്യതയുണ്ട്. കൊച്ചിൻ ഷിപ്യാഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് നഗരത്തിലെ 55 പോയിന്റുകളിലായി 170 ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ നഗരത്തിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെ ക്യാമറ വഴി നിരീക്ഷിച്ചിരുന്നു.