പ്രാരംഭ ഓഹരി വിൽപന (IPO) നടത്തി ഇന്ന് ഓഹരി വിപണിയിൽ കന്നിച്ചുവടുവച്ച ഏഥർ എനർജിക്ക് (Ather Energy) പതിഞ്ഞതുടക്കം. കഴിഞ്ഞമാസാവസാനം നടന്ന ഐപിഒയിലെ ഓഹരിവില (Issue Price) 304-321 രൂപയായിരുന്നു. ഇതിനേക്കാൾ 2.18 ശതമാനം ഉയർന്ന് 328 രൂപയിലായിരുന്നു എൻഎസ്ഇയിൽ (NSE) ലിസ്റ്റിങ്. എന്നാൽ ഇപ്പോൾ (ഉച്ചയ്ക്ക് മുമ്പത്തെ സെഷൻ) വ്യാപാരം പുരോഗമിക്കുന്നത് 5 ശതമാനത്തോളം ഇടിഞ്ഞ് 312.10 രൂപയിൽ. ഒരുഘട്ടത്തിൽ വില 308.40 രൂപവരെ താഴ്ന്നിരുന്നു.

ഇഷ്യൂ വിലയേക്കാൾ 1.57% നേട്ടവുമായി 326.05 രൂപയിലായിരുന്നു ബിഎസ്ഇയിൽ (BSE) ലിസ്റ്റിങ്. വ്യാപാരം പുരോഗമിക്കുന്നത് 4.39% ഇടിഞ്ഞ് 311.75 രൂപയിൽ. ഒരുവേള 308.95 രൂപവരെ താഴുകയും ചെയ്തു. എൻഎസ്ഇയിൽ തുടക്കത്തിൽ 332 രൂപവരെ ഓഹരിവില എത്തിയിരുന്നു; ബിഎസ്ഇയിൽ 332.90 രൂപയും. പിന്നീടാണ് താഴ്ന്നത്. നിക്ഷേപകർ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞവിലയിലായിരുന്നു ലിസ്റ്റിങ്ങും. ഓഹരി വിപണിയിൽ ഇന്ന് പ്രവേശിക്കുംമുമ്പ് ഗ്രേ മാർക്കറ്റിൽ (Grey Market) വില ഇഷ്യൂ വിലയേക്കാൾ 4 ശതമാനത്തോളം കൂടുതലായിരുന്നു. എന്നാൽ, പരമാവധി 2.18 ശതമാനം വരെ പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യാനേ ഏഥറിന് കഴിഞ്ഞുള്ളൂ. ഓഹരി ലിസ്റ്റ് ചെയ്യുംമുമ്പ് അനൗദ്യോഗിക വിപണിയിൽ (ഗ്രേ മാർക്കറ്റ്) നടക്കുന്ന വ്യാപാരത്തിലെ വിലയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം അഥവാ ജിഎംപി (GMP).

ഈ സാമ്പത്തിക വർഷത്തെ (2025-26) ആദ്യ മുഖ്യധാരാ ഐപിഒ (Mainboard IPO) ആയിരുന്നു ഏഥറിന്റേത്. 2,626 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh issue) നിലവിലെ ഓഹരി ഉടമകളുടെ (പ്രൊമോട്ടർമാർ) 1.1 കോടി ഓഹരികളുമാണ് (ഓഫർ ഫോർ സെയിൽ/OFS) ഐപിഒയിലുണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഒല ഇലക്ട്രിക് (Ola Electric) 6,145 കോടി രൂപ സമാഹരിച്ച ഐപിഒയ്ക്ക് ശേഷം നടന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹന കമ്പനി ഐപിഒയുമായിരുന്നു ഏഥറിന്റേത്. മൊത്തം 2,981 കോടി രൂപയാണ് ഐപിഒയിലൂടെ ഏഥർ സമാഹരിച്ചത്. ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ‌ 1.43 മടങ്ങ് അപേക്ഷകൾ (സബ്സ്ക്രിപ്ഷൻ).

മഹാരാഷ്ട്രയിലെ പുതിയ ഫാക്ടറിക്ക് മൂലധനം ഉറപ്പാക്കാനും നിലവിലെ കടങ്ങൾ വീട്ടാനും ഗവേഷണ-വികസന പദ്ധതികൾക്ക് പണമുറപ്പാക്കാനുമാണ് ഐപിഒ വഴി സമാഹരിച്ച തുക ഏഥർ വിനിയോഗിക്കുക. നിലവിലെ ഓഹരിവില പ്രകാരം 11,624 കോടി രൂപയാണ് ഏഥർ എനർജിയുടെ വിപണിമൂല്യം (Market cap).

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Ather Energy Stock Dips 5% on Subdued Market Debut on NSE, BSE