ഓട്ടോയിൽ സുഖസവാരിക്ക് കേരള കോൺഗ്രസ്; കേരള കോൺഗ്രസിന് ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഓട്ടോറിക്ഷയിൽ കുതിക്കാൻ കേരള കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നു സംസ്ഥാന പാർട്ടി പദവി ലഭിച്ചതോടെയാണ് ഔദ്യോഗിക ചിഹ്നവും പാർട്ടിക്ക് അനുവദിച്ചത്. ഈ വർഷം തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെല്ലാം ഒറ്റ ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കുമെന്നതു പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നു.
പാർട്ടി പിളർപ്പിനു ശേഷം വന്ന 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിഹ്നമില്ലാതിരുന്നതു പി.ജെ.ജോസഫ് നയിച്ച കേരള കോൺഗ്രസിനെ വലച്ചിരുന്നു. പാർട്ടി സ്ഥാനാർഥികൾ ചിഹ്നങ്ങളുടെ പൊതുപൂളിൽ നിന്നുള്ള ചെണ്ടയാണു ചിഹ്നമായി ഉപയോഗിച്ചത്. ചില സ്ഥാനാർഥികൾ ഈ ചിഹ്നം ഉപയോഗിച്ചതുമില്ല. പാർട്ടി സ്ഥാനാർഥിയായി ജയിച്ച് പഞ്ചായത്തംഗമായ ചിലർ കൂറുമാറ്റം നടത്തിയപ്പോൾ നടപടികൾ സ്വീകരിക്കുന്നതിനും ചിഹ്ന പ്രശ്നം തടസ്സമുണ്ടാക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചിഹ്നമില്ലായ്മ കേരള കോൺഗ്രസിനു തുടക്കത്തിൽ തലവേദനയായിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന് ആദ്യ ഘട്ടത്തിൽ ചിഹ്നമില്ലാതെ ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും നടത്തേണ്ടി വന്നു. ചിഹ്നത്തിനുള്ള സ്ഥലം ഒഴിച്ചിട്ടാണു പോസ്റ്ററുകൾ ആദ്യം അച്ചടിച്ചത്. സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഉപയോഗിക്കാവുന്ന ഓട്ടോറിക്ഷ ചിഹ്നം പിന്നീടു തിരഞ്ഞെടുത്ത് ഒഴിച്ചിട്ട സ്ഥലങ്ങളിൽ പൂരിപ്പിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ് വിജയിച്ചപ്പോൾത്തന്നെ ഇത് ഔദ്യോഗിക ചിഹ്നമാക്കുമെന്നു പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ
∙ ആന (1979–1985)
∙ കുതിര (1987–1991)
∙ സൈക്കിൾ (1996–2009)
∙ ഓട്ടോറിക്ഷ (2025)