
തിരുവനന്തപുരം: മലയാള മനസ്സാക്ഷിയെ ഞെട്ടിച്ച കാട്ടക്കാടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പ് പ്രകാരം ആണ് കൊലപാതകം നടത്തിയതായി തെളിഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.
പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.
2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽ വച്ച് പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ(15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.
സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയിൽ ഫുട്ബോൾ വെച്ച ശേഷം തിരികെ സൈക്കിളിൽ കയറിയ സമയം കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്ന പ്രിയരഞ്ജൻ, കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്. ആദിശേഖറിനോടൊപ്പം ഫുട്ബോൾ കളിച്ച കൂട്ടുകാരും ദൃക്സാക്ഷികളുമായ അപ്പൂസ് എന്ന് വിളിക്കുന്ന നീരജ്, അച്ചു, ഉണ്ണി എന്നു വിളിക്കുന്ന അഭിജയ് എന്നിവരെ വിസ്തരിച്ചിരുന്നു.
രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്സാക്ഷിയായ അച്ചുവും സംഭവം വിശദീകരിച്ച് മൊഴി നൽകിയിരുന്നു. ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.
ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് അഭിഷേക് കോടതിയിൽ മൊഴി നൽകിയിരുന്നു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖർ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പ്രതി, പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത്.
കാട്ടാക്കട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷിബു കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. സാങ്കേതിക തകരാർ മൂലം കാർ തനിയെ നീങ്ങി, ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി എന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത് , എന്നാൽ പ്രതി ബോധപൂർവ്വമാണ് ഈ ഹീനമായ കൃത്യം ചെയ്ത എന്നും യാതൊരുവിധ യന്ത്ര തകരാറും വാഹനത്തിന് ഉള്ളതായി ഇല്ലായിരുന്നു എന്നും പ്രതി കൃത്യത്തിന് ശേഷം വാഹനം ഓടിച്ചിരുന്നതായി കോടതിയിൽ തെളിവ് വന്നിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]