
വിഷവിത്തുകളെ വേരോടെ പിഴുതെറിയാൻ ‘കിക്ക് ഡ്രഗ്സ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙കേരളത്തിന്റെ മണ്ണിൽ നിന്ന് ലഹരിയുടെ വിഷവിത്തുകളെ വേരോടെ പിഴുതെറിയാൻ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാംപെയ്ൻ ‘കിക്ക് ഡ്രഗ്സ്’ന്റെ ജില്ലയിൽ നടന്ന പരിപാടികളിൽ പങ്കാളിയായത് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നതിനു മുൻപേ ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി പാലക്കുന്നിൽ നിന്നാരംഭിച്ച് വിദ്യാനഗർ കലക്ടറേറ്റിൽ സമാപിച്ച മിനി മാരത്തൺ മത്സരം ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭാരത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു.
പുരുഷ വിഭാഗത്തിൽ സി.മിഥുൻരാജും വനിതാ വിഭാഗത്തിൽ പി.വി.നിരഞ്ജനയും ഒന്നാം സ്ഥാനം നേടി. തുടർന്ന് കലക്ടറേറ്റിൽ നിന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിലേക്ക് നടത്തിയ വാക്കത്തണിന് മുന്നോടിയായി മന്ത്രി വി.അബ്ദുറഹ്മാൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തൺ തുടങ്ങിയത്. കലക്ടറേറ്റിൽ നിന്ന് കാസർകോടു വരെ മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കായികതാരങ്ങളും സ്പോർട്സ് കൗൺസിലിന്റെയും വിവിധ അസോസിയേഷനുകളുടെയും ഭാരവാഹികളും വാക്കത്തണിൽ പങ്കാളിയായി. സ്റ്റുഡൻസ് പൊലീസ് കേഡറ്റ്,, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, വിവിധ അസോസിയേഷൻ അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള ആയിരത്തിലേറെ പേർ വാക്കത്തണിൽ പങ്കെടുത്തു.
കാസർകോട് നടന്ന പരിപാടിയിൽ മന്ത്രി വി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംഎൽഎമാരായ എം.രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, കാസർകോട് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, കലക്ടർ കെ.ഇമ്പശേഖർ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, രാജ്യാന്തര കബഡി താരം ജഗദീഷ് കുമ്പള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.വി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് ഖേലോ ഇന്ത്യ സ്റ്റുഡന്റ്സ് നടത്തിയ ഫെൻസിങ്, ചെറുവത്തൂർ കൈരളി പൂരക്കളി സംഘം അവതരിപ്പിച്ച പൂരക്കളി, ചെറുവത്തൂർ കൈരളി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, യോഗ അസോസിയേഷൻ നടത്തിയ യോഗ, തയ്ക്വാൻഡോ അസോസിയേഷൻ നടത്തിയ തയ്ക്വാൻഡോ, ലഹരിക്കെതിരെ നൃത്ത ശിൽപം, സൂംബ ഡാൻസ് എന്നിവ അരങ്ങേറി. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ ജില്ലയിലെ സമാപനത്തോട് അനുബന്ധിച്ചുള്ള മാരത്തൺ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടിൽ സമാപിച്ചു.
മന്ത്രി വി.അബ്ദുറഹിമാനും ചെറുവത്തൂരിൽ നിന്നാരംഭിച്ച് കാലിക്കടവിൽ സമാപിച്ച വാക്കത്തണിൽ പങ്കാളിയായി. സമാപനത്തോടനുബന്ധിച്ച് കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയർത്തി തിരഞ്ഞെടുത്ത സ്പോർട്സ് ക്ലബ്ബുകൾക്കുള്ള കിറ്റ് വിതരണവും ചെയ്തു. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, പ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.സജീവൻ, പി.പി.പ്രസന്നകുമാരി, സ്പോർട്സ് കൗൺസിൽ അംഗം ടി.വി.ബാലൻ എന്നിവർ പ്രസംഗിച്ചു.