
കണ്ണൂർ ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വരയരങ്ങ് ക്യാംപ് നാളെ രാവിലെ 9.30 മുതൽ കണ്ണൂർ മലയാള മനോരമ ഓഫിസിൽ
ഒറ്റയ്ക്കും കൂട്ടായും വരച്ചു തെളിയാൻ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി മലയാള മനോരമ ഒരുക്കുന്ന ചിത്രകലാ ക്യാംപ് നാളെ നടക്കും. കഴിഞ്ഞ വർഷങ്ങളിൽ ക്യാംപിന് നേതൃത്വം നൽകിയ ശ്രദ്ധേയ ചിത്രകാരൻ ഹരീന്ദ്രൻ ചാലാടാണ് ഈ വർഷവും ക്യാംപ് നയിക്കുക.38 വർഷം ചിത്രകലാധ്യാപകനായിരുന്ന ചിത്രകാരൻ എ.സത്യനാഥ്, ചൈനയിൽ ബെയ്ജിങ് ഫിലിം അക്കാദമിയിൽ ലക്ചററായിരുന്ന വിഷ്വൽ ഡവലപ്മെന്റ് ആർട്ടിസ്റ്റ് എം.വി.രഞ്ജു എന്നിവർ ക്ലാസുകൾ നയിക്കും. ബാഹുബലി ഉൾപ്പെടെ സിനിമകളിൽ വിഷ്വൽ ഡവലപ്മെന്റ് ആർട്ടിസ്റ്റായി പ്രവർത്തിച്ച അനുഭവപരിചയവുമായാണ് രഞ്ജു എത്തുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ക്യാംപിൽ പങ്കെടുക്കാൻ അവസരം. ക്യാംപിലേക്ക് സിലക്ഷൻ ലഭിച്ചവരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
ഉത്തര മേഖലാ വോളി ഫൈനൽ മത്സരം ഇന്ന്
പാടിയോട്ടുചാൽ∙ നെഹ്റു ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ പെരിങ്ങോം, വയക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും, കെ.പി.നൂറുദ്ദീൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.അബ്ദുല്ല സാഹിബ് എവർ റോളിങ് സ്വർണ കപ്പിന് വേണ്ടിയുള്ള രണ്ടാമത് ഉമ്മൻചാണ്ടി സ്മാരക ഉത്തര മേഖലാ വോളി ഫൈനൽ മത്സരം ഇന്ന് വൈകിട്ട് 7ന് നടക്കും. കഴിഞ്ഞ ദിസം റെഡ് സ്റ്റാർ ആലക്കാടും – ഫൈറ്റേഴ്സ് പാണപ്പുഴയും തമ്മിൽ വാശിയേറിയ മത്സരം നടന്നു. ഗ്രാമീണ വോളിയും നടന്നു. വിജയികൾക്ക് യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി.സണ്ണി ക്യാഷ് അവാർഡുകളും, ട്രോഫികളും വിതരണം ചെയ്യും.
കൈകൊട്ടിക്കളി മത്സരം
പിലാത്തറ ∙ മഹാത്മാ സേവാഗ്രാം കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 3-ാം വാരത്തിൽ കണ്ണൂർ – കാസർഗോഡ് ജില്ലാ തല കൈകൊട്ടിക്കളി മത്സരം പിലാത്തറയിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 10ന് മുമ്പ് 9744361519, 8848776075 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
വെള്ളരിയാനം ഹോളി ക്രോസ് പള്ളി തിരുനാൾ 8 മുതൽ
വെള്ളോറ∙ വെള്ളരിയാനം ഹോളി ക്രോസ് പള്ളി തിരുനാൾ 8 മുതൽ 11 വരെ നടക്കും. 8ന് വൈകിട്ട് 3.30ന് ജപമാല, 4ന് കോടിയേറ്റ്. വികാരി ഫാ. തോമസ് ചക്കാനിക്കുന്നേൽ നേതൃത്വം നൽകും. 4.30 ന് തിരുനാൾ കുർബാന. ഫാ. ഏയ്ഷൽ ജോസഫ് ആനക്കല്ലിൽ കാർമികത്വം വഹിക്കും. 9ന് വൈകിട്ട് 4 ന് ജപമാല. 4.30 ന് തിരുനാൾ കുർബാന. ഫാ. സിറിൽ പട്ടാശേരി കാർമികത്വം വഹിക്കും. 6.45 ന് കലാവിരുന്ന്. 10 ന് വൈകിട്ട് 4ന് ജപമാല, 4.30 ന് കുർബാന. ഫാ. മാത്യു പ്രവർത്തുംമലയിൽ കാർമികത്വം വഹിക്കും. തുടർന്ന് പായത്താംപൊയിൽ കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, തിരുനാൾ സന്ദേശം. ഫാ. ജോയൽ പനച്ചിപ്പുറം കാർമികത്വം വഹിക്കും. 11 ന് രാവിലെ 7 ന് കുർബാന, 10 ന് വചന സന്ദേശം. റവ. മോൺ ആന്റണി മുതുകുന്നേൽ കാർമികത്വം വഹിക്കും. 12.30 ന് സ്നേഹവിരുന്ന്.
പൊതുയോഗം നാളെ
വെള്ളോറ ∙ അറക്കാൽപാറ നീലിയാർഭഗവതി ക്ഷേത്രം വരദ മാതൃവേദി പൊതുയോഗം നാളെ 2.30ന് ക്ഷേത്ര പരിസരത്ത് നടക്കും.
ഡിജിറ്റൽ പഠന സഹായ ക്ലാസുകൾ
പിലാത്തറ∙ ഭിന്നശേഷി വിദ്യാർഥികളുടെ സന്നദ്ധസേനയായ എസ്ആർ ടോക്സ് ഒരു മാസം നീണ്ട് നിൽക്കുന്ന ഡിജിറ്റൽ പഠന സഹായ ക്ലാസുകൾ ഓൺലൈനായി നൽകും. ചക്ഷുമതി ഇൻക്ലൂസീവ് എജ്യുക്കേഷന്റെയും എയ്സർ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ ട്രെയ്നിങ് പ്രോഗ്രാം ഒരു മാസം നീണ്ട് നിൽക്കും.കംപ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട് ഫോണും ഒരു ഒ ടി ജി കീബോർഡുമുള്ള വിദ്യാർഥികൾക്ക് പരിശീലിനത്തിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് 7012687583 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ലൈഫ് താക്കോൽ സമർപ്പണം നാളെ
കരിവെള്ളൂർ ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കരിവെള്ളൂർ പെരളം പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ സമർപ്പണവും നാളെ വൈകിട്ട് 3ന് എവിഎസ്ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു, വൈസ് പ്രസിഡന്റ് ടി.ഗോപാലൻ, പഞ്ചായത്തംഗങ്ങളായ സി.ബാലകൃഷ്ണൻ, എ.ഷീജ, പി.ഹരികുമാർ, വിഇഒ എം.മുസ്തഫ എന്നിവർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
∙ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ട്രാൻസ്മിഷൻ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വലിയ വെളിച്ചം – ചീരാറ്റ റോഡിൽ 7 മുതൽ 10 ദിവസത്തേക്ക് ഗതാഗതം തടസ്സപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ വലിയ വെളിച്ചം- വജ്ര കൺവൻഷൻ സെന്ററിന് മുന്നിലൂടെ കാര്യാട്ടുപുറം വഴി പ്രസ്തുത റോഡിൽ പ്രവേശിക്കണം.
സൗജന്യ പരിശീലനം
തളിപ്പറമ്പ് ∙ കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ 13നും 14നും വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ പരിശീലനം നടത്തും. ഫോൺ: 9072592416.
അധ്യാപക നിയമനം
കാഞ്ഞിരങ്ങാട് ∙ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12ന് 10 മണിക്ക്. ഫോൺ–8590988504.