
ഇസ്ലാമാബാദ്: വീണ്ടും പ്രകോപനം ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ ഇന്ത്യ ഏത് തരത്തിലുള്ള നിർമതിയുണ്ടാക്കിയാലും അതിനെ തകര്‍ക്കുമെന്നാണ് ഖവാജ ആസിഫിന്റെ ഭീഷണി. പഹല്‍ഹാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടിയിലെ ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തിലും യുദ്ധക്കൊതി നിറഞ്ഞ പരാമര്‍ശങ്ങള്‍ തുടരുകയാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി.
പാകിസ്ഥാന്റെ കാർഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ജലം വഴിതിരിച്ചുവിടുന്നത് ‘ആക്രമണത്തിൻ്റെ മുഖമായി’ കണക്കാക്കുമെന്നാണ് ഖവാജ ആസിഫ് ആവർത്തിച്ചത്. സിന്ധു തടത്തിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യ നീങ്ങിയാൽ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. ‘അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും… അവർ (ഇന്ത്യ) ഇത്തരത്തിലുള്ള ഒരു വാസ്തുവിദ്യാ ശ്രമം നടത്തിയാൽ പോലും, പാകിസ്ഥാൻ ആ നിർമ്മിതി നശിപ്പിക്കും” – ഖവാജ ആസിഫ് പറഞ്ഞു.
അതേസമയം, ഇത്തരം പൊള്ളയായ ഭീഷണികൾ പാകിസ്ഥാനികൾക്കിടയിലെ ഭയം മാത്രമാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ഖവാജ ആസിഫ് വ്യക്തമായും പരിഭ്രാന്തനാണ്. അദ്ദേഹം പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയാണെങ്കിലും, അദ്ദേഹത്തിന് കാര്യമായ നിയന്ത്രണമില്ല. അദ്ദേഹം നിരന്തരം പൊള്ളയായ ഭീഷണികൾ പുറപ്പെടുവിക്കുന്ന ഒരു ‘പ്രസ്താവന മന്ത്രി’ മാത്രമാണ്. പാകിസ്ഥാനികൾക്കിടയിലെ ഭയം വ്യക്തമാണ്. അവർക്ക് രാത്രി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാനവാസ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]