
പടന്നക്കാടിന്റെ മാമ്പഴമധുരം രുചിക്കാൻ കടൽ കടന്നെത്തി അതിഥികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ പടന്നക്കാടിന്റെ മാമ്പഴ മധുരം നുകരാൻ കടൽ കടന്നും അതിഥികളെത്തി. യുഎഇ പൗരനായ അഹമ്മദ് അൽഖസിയും ഒമാൻ പൗരനായ സുഹൃത്ത് അംജാദ് ഖൽഫാൻ മർഹൂനുമാണ് മംഗോ ഫെസ്റ്റ് കാണണമെന്ന ആഗ്രഹവുമായി കേരളത്തിലേക്ക് വിമാനം കയറിയത്. നീലേശ്വരം ഉച്ചൂളിക്കുതിർ സ്വദേശിയും സുഹൃത്തുമായ പി.എം.ഷഫീഖ് പറഞ്ഞറിഞ്ഞാണ് വർഷങ്ങളായി മേയ് മാസത്തിൽ നടക്കുന്ന മാമ്പഴപ്പെരുമ രുചിച്ചറിയാൻ നീലേശ്വരത്തേയ്ക്കെത്തിയത്. കേരളത്തിലേക്ക് പോരുമ്പോൾ അഹമ്മദ് തന്റെ പ്രിയപ്പെട്ട നാനി മുംതാസിനെയും കൂടെക്കൂട്ടി.
തഞ്ചാവൂർ കുംഭകോണം സ്വദേശിനിയായ മുംതാസ് 33 വർഷം മുൻപാണ് അഹമ്മദിന്റെ കുടുംബത്തോടൊപ്പം കൂടിയത്. പിന്നീടിങ്ങോട്ട് അറബി കുടുംബത്തിലെ ഒരു അംഗം പോലെ തന്നെയാണ് അവർക്ക് മുംതാസ്. അഹമ്മദിനെയും സഹോദരങ്ങളെയുമൊക്കെ എടുത്തുവളർത്തിയതും മുംതാസാണ്. ഇപ്പോൾ സ്നാപ്ചാറ്റിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ ഒരുപാട് ഫോളോവേഴ്സ് കൂടി ഉണ്ട് ഈ 54കാരിക്ക്. സോഷ്യൽ മീഡിയകളോടുള്ള ഇഷ്ടം അഹമ്മദ് വഴി കിട്ടിയതാണെന്നാണ് മുംതാസ് പറയുന്നത്. സ്വന്തം മകനെപ്പോലെ തന്നെയാണ് മുംതാസിന് അഹമ്മദ്. രുചിഭേദങ്ങൾ തേടിയുള്ള യാത്രകളാണ് പ്രിയം.
പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഈ മേള പുതിയൊരനുഭവമാണെന്ന് മൂവരും പറയുന്നു.സംസാരത്തിനിടെ സംഘാടകരായ വിദ്യാർഥികൾ ക്യാംപസിലെ മാവുകളിൽ നിന്നും പറിച്ചയുടനെയുള്ള മാമ്പഴങ്ങൾ ബോക്സുകളിലാക്കി ഇടയ്ക്കിടെ വിൽപന സ്റ്റാളിലേക്ക് എത്തിക്കുന്നത് കണ്ടപ്പോൾ അഹമ്മദിന് ആശ്ചര്യം. ഇത്രയധികം മാമ്പഴ ഇനങ്ങൾ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണെന്ന് പറഞ്ഞ അഹമ്മദും അംജാദും കാർഷിക കോളജ് വളപ്പിലെ മാമ്പഴം കൊണ്ടു സമൃദ്ധമായ വിവിധയിനം മാവുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
കോളജ് ഡീൻ ഡോ.സജിതാ റാണിയെക്കൂടി സന്ദർശിച്ച ശേഷം അടുത്ത തവണ വീണ്ടും വരാം എന്നു പറഞ്ഞാണ് ഇവർ കോളജ് ക്യാംപസിൽ നിന്നുമിറങ്ങിയത്. അബുദാബിയിലെ പെട്രോളിയം കമ്പനിയിലെ എൻജിനീയർമാരാണ് അഹമ്മദും അംജാദും. 2 ദിവസത്തെ സന്ദർശനത്തിനായി നീലേശ്വരത്തെത്തിയ ഇവർ ഇന്നു തിരിച്ചു പോകും. അതിന് മുൻപ് ബേക്കൽ കോട്ടയും, കോട്ടപ്പുറത്തെ പുരവഞ്ചിയും അഴിത്തല ബീച്ചുമൊക്കെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഇവർ പറഞ്ഞു. മാംഗോ ഫെസ്റ്റ് ഇന്നു സമാപിക്കും