കഴിഞ്ഞ മാസം കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 64 മഞ്ഞപ്പിത്ത കേസുകൾ; വേണം കരുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ജില്ലയിൽ ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്തത് 64 മഞ്ഞപ്പിത്ത കേസുകൾ. തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ്, ഇരിട്ടി, ആറളം, ചിറക്കൽ, ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, പാനൂർ, ചപ്പാരപ്പടവ്, മാലൂർ എന്നിവിടങ്ങളിലാണു രോഗവ്യാപനം കൂടുതൽ. വ്യക്തിശുചിത്വം അനിവാര്യമാണെന്നും ഡിഎംഒ ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു.
മഞ്ഞപ്പിത്തം
മലിനജലം കുടിക്കുകയോ പാചകം ചെയ്യാനായി ഉപയോഗിക്കുകയോ ചെയ്യുന്നതുവഴി വൈറൽ അസുഖമായ മഞ്ഞപ്പിത്തമുണ്ടാകാം. അസുഖബാധിതരുടെ മലത്തിലൂടെ വൈറസ് പുറത്തേക്കു കടക്കും. മലം കലർന്ന ജലം ഉപയോഗിക്കുന്നതു വഴി രോഗം മറ്റുള്ളവരിലേക്കും പകരും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 മുതൽ 22 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
രോഗലക്ഷണങ്ങൾ
ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. പിന്നീടു ശരീരത്തിലെ ബിലിറൂബിന്റെ അളവ് വർധിച്ചു കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്കു കടുത്ത മഞ്ഞനിറം അനുഭവപ്പെടും. ഛർദി, വിശപ്പില്ലായ്മ എന്നിവയുള്ളതിനാൽ രോഗിക്കു കടുത്ത ക്ഷീണമുണ്ടായേക്കാം. മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തിൽ വർധിക്കും. മഞ്ഞപ്പിത്തം മാരകമാവുകയാണെങ്കിൽ അതു തലച്ചോറിനെയും കരളിനെയും ബാധിക്കാം. ഇതു മരണത്തിലേക്കുവരെ നയിക്കും.
ചികിത്സ വേണം
മഞ്ഞപ്പിത്തത്തിന്റെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രാദേശികമായ ചികിത്സകളിൽ രോഗിയെ വീണ്ടും ഛർദിപ്പിക്കുകയും നിരാഹാരം അനുഷ്ഠിക്കാൻ രോഗിയോട് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് അശാസ്ത്രീയമാണ്. രോഗിക്കു തുടർച്ചയായ വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. വൈറൽ അസുഖമായതിനാൽ രോഗിയുടെ രോഗലക്ഷണങ്ങൾ അറിഞ്ഞുള്ള ചികിത്സയാണു നൽകുന്നത്.
ശ്രദ്ധിക്കാൻ
∙ ജലത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
∙ ശുദ്ധജലസ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുക.
∙ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്. മലമൂത്ര വിസർജനത്തിനുശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു നന്നായി കഴുകുക. ശുചിമുറികൾ അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയായി സൂക്ഷിക്കുക.
∙ ജ്യൂസ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനായി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ് ഉപയോഗിക്കാതിരിക്കുക.
∙ ഫ്രിജിൽ വയ്ക്കുന്ന തണുത്ത വെള്ളം, ജ്യൂസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന തണുത്ത വെള്ളം എന്നിവ തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയിരിക്കണം.
∙ മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും പെട്ടെന്നു വൈദ്യസഹായം തേടണം. രോഗി നന്നായി വിശ്രമിക്കണം.
∙ രോഗബാധിതർ പ്രത്യേകം പാത്രങ്ങളും ശുചിമുറിയും ഉപയോഗിക്കുക. കൃത്യമായ വ്യക്തിശുചിത്വം പാലിക്കുക. രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.