
കാട്ടാനകളെ തുരത്തുന്ന ദൗത്യത്തിന് ബ്രേക്ക്; കുങ്കിയാനകളെ തിരികെ കൊണ്ടുപോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേപ്പാടി ∙ എരുമക്കൊല്ലി, പൂളക്കുന്ന് മേഖലകളിലെ ആക്രമണകാരികളായ കാട്ടാനകളെ തിരികെ കാടുകയറ്റാനുള്ള ദൗത്യം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനൊരുങ്ങി വനംവകുപ്പ്. ഇതിന്റെ ഭാഗമായി കുങ്കിയാനകളെ തിരികെ മുത്തങ്ങ ആനപ്പന്തിയിലേക്കു കൊണ്ടുപോയി. ദൗത്യം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പൂളക്കുന്നിലെ കൊലയാളി കാട്ടാനയെ അടക്കം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണിത്. ചീരാലിലെ ആക്രമണകാരിയായ പുലിക്കായുള്ള തിരച്ചിലിനായി, എരുമക്കൊല്ലിയിൽ ദൗത്യത്തിലേർപ്പെട്ടിരുന്ന വനംവകുപ്പ് സംഘാംഗങ്ങളെ പിൻവലിച്ചിട്ടുമുണ്ട്. കൊലയാളി കാട്ടാന അടക്കം ഉൾവനത്തിലേക്ക് കയറിയെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കഴിഞ്ഞ 24ന് രാത്രിയിൽ എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ അറുമുഖൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണു വനംവകുപ്പ് മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, ഉണ്ണിക്കൃഷ്ണൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ കഴിഞ്ഞ 25നു ഉച്ചയോടെ ദൗത്യം തുടങ്ങിയത്. 3 സംഘങ്ങളായി തിരിഞ്ഞായിരുന്നു ദൗത്യം.പ്രധാനമായും പൂളക്കുന്ന്, എരുമക്കൊല്ലി, കടൂർ, എളമ്പിലേരി, പുഴമൂല, ചെമ്പ്ര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ദൗത്യത്തിന്റെ ആദ്യദിനത്തിൽ കടൂർ പത്താം നമ്പറിൽ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കാട്ടാനയെ ദൗത്യസംഘം കണ്ടിരുന്നു. തുടർന്നു കുങ്കിയാനകളെ എത്തിച്ച് എളമ്പിലേരി വനമേഖലയിലേക്ക് ഇൗ കാട്ടാനയെ ഓടിച്ചു കയറ്റി.
പിന്നീടുള്ള ദിവസങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതിനിടെ, കാട്ടാനകളെ തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യം തുടരുന്നതിനിടയിൽ കഴിഞ്ഞ 26നു രാത്രിയിൽ പൂളക്കുന്ന് ഉൗരിനു സമീപം വീണ്ടും കാട്ടാനയിറങ്ങിയിരുന്നു. 24ന് രാത്രിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായ സ്ഥലത്തിനു സമീപമാണ് വീണ്ടും കാട്ടാനയിറങ്ങിയത്. കാട്ടാനകൾ ഏതുസമയവും തിരിച്ചെത്താവുന്ന സാഹചര്യമാണെന്നും വനാതിർത്തിയിൽ പ്രതിരോധവേലി തീർത്ത് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുകയാണ് വേണ്ടതെന്നും പൂളക്കുന്ന് ഉൗരുനിവാസികൾ പറഞ്ഞു.