
ദക്ഷിണാഫ്രിക്കൻ പേസ് ബൗളറും ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസ് താരവുമായ കഗീസൊ റബാഡയ്ക്ക് താല്‍ക്കാലിക വിലക്ക്. നിരോധിത ലഹരിപദാര്‍ത്ഥം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി നേരിട്ടിരിക്കുന്നത്. പ്രസ്താവനയിലൂടെ റബാഡ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഗുജറാത്ത് ടീമിന്റെ ഭാഗമായിരിക്കെ ഏപ്രില്‍ മൂന്നിനായിരുന്നു റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാണ് റബാഡയുടെ മടക്കത്തിന്റെ കാരണമെന്നായിരുന്നു ഗുജറാത്ത് ടീം മാനേജ്മെന്റ് നല്കിയ വിശദീകരണം.
നിരോധിക്കപ്പെട്ട ലഹരിമരുന്ന് ഉപയോഗിച്ചത് പരിശോധനയില്‍ തെളിയുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ടാണ് റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്. സൗത്ത് ആഫ്രിക്കൻ ട്വന്റി20 ലീഗിനിടെയാണ് സംഭവമുണ്ടായത്. ലീഗില്‍ മുംബൈ ഇന്ത്യൻസിന്റെ കീഴിലുള്ള എംഐ കേപ് ടൗണിന്റെ താരമാണ് റബാഡ. പ്രകടനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നല്ല റബാഡ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഞാൻ നിരാശപ്പെടുത്തിയ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഒരിക്കലും ക്രിക്കറ്റിനെ ഞാൻ നിസാരമായി കാണില്ല. ക്രിക്കറ്റ് കളിക്കുക എന്നത് ഞാൻ എന്നേക്കാളും വിലമതിക്കുന്ന ഒന്നാണ്. എന്റെ വ്യക്തിപരമായ ആഗ്രഹങ്ങളേക്കാള്‍ ഉപരിയായാണ് ഞാൻ ക്രിക്കറ്റിനെ കാണുന്നത്. ഞാൻ താല്‍ക്കാലികമായുള്ള വിലക്ക് നേരിടുകയാണിപ്പോള്‍. കളിയിലേക്ക് തിരിച്ചുവരാൻ ഞാൻ കാത്തിരിക്കുന്നു, റബാഡ വ്യക്തമാക്കി.
ഈ സാഹചര്യത്തിലൂടെ ഒരിക്കലും എനിക്ക് ഒറ്റയ്ക്ക് കടന്നുപോകാനാകില്ലായിരുന്നു. എന്റെ ഏജന്റിനോടും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷനോടും ഗുജറാത്ത് ടൈറ്റൻസിനോടും ഞാൻ നന്ദി പറയുന്നു. എനിക്ക് വേണ്ട എല്ലാ സഹായങ്ങളും തന്ന നിയമവിദഗ്ദരോടും നന്ദി. ഏറ്റവും മുകളിലായി എന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും എന്നെ മനസിലാക്കിയതിനും ഒപ്പം നിന്നതിനും നന്ദി അറിയിക്കുന്നു, റബാഡ കൂട്ടിച്ചേര്‍ത്തു.
മുന്നോട്ട് പോകുമ്പോള്‍ ഈ നിമിഷമല്ല ഞാൻ എന്ന വ്യക്തിയെ നിര്‍ണയിക്കുന്നത്. ഞാൻ എപ്പോഴും ചെയ്തുകൊണ്ടിരുന്ന കഠിനാധ്വാനം തുടരും. ക്രിക്കറ്റിനോടുള്ള എന്റെ അഭിനിവേശം തുടരും, റബാഡ കുറിച്ചു.
10.75 കോടി രൂപയ്ക്കായിരുന്നു റബാഡയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]