
ഡെങ്കിപ്പനി ഭീതിയിൽ മലയോരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേളകം∙ മലയോരത്ത് മഴ ഇടവിട്ട ദിനങ്ങളിൽ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി വൻ തോതിൽ വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്ത് നാലാം വാർഡായ പന്നിയാംമലയിൽ 15 പേർ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് മൂന്ന് പേരായിരുന്നു ഡെങ്കി സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ ഉണ്ടായിരുന്നത്. കൂടുതൽ പേരിൽ പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡെങ്കിപ്പനിയാണോ എന്ന് അറിയുന്നതിനുള്ള പരിശോധനകൾ നടത്തി വരികയാണ്.കേളകം പഞ്ചായത്തിൽ സമീപ ആഴ്ചകളിൽ ഒട്ടേറെ പേർക്ക് പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ 14 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും പനി ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്.
എന്നാൽ എല്ലാം ഡെങ്കിപ്പനിയല്ല. കേളകം പഞ്ചായത്തിലെ 5 വാർഡുകളിലാണ് പനി ബാധിതർ ഏറെയുള്ളത്. രോഗാണു വാഹകരായി കൊതുകുകളുടെ ഉറവിടം നശിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്നും നാട്ടുകാർ വിഷയത്തെ ഗൗരവത്തോടെ കണക്കിലെടുത്ത് ഉറവിട നശീകരണത്തിന് പരിശ്രമിക്കണം എന്നും ആരോഗ്യ വകുപ്പും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും ആവശ്യപ്പെട്ടു.വീടുകളുടെ സമീപത്തും കൃഷിയിടങ്ങളിലും തോട്ടങ്ങളിലും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം. വെള്ളം സംഭരിച്ച് വയ്ക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ എന്നിവ കൃത്യമായി വൃത്തിയാക്കുകയും രോഗം പരത്തുന്ന കൊതുകുകൾ അവയിൽ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
ടാപ്പിങ് ഇല്ലാത്ത റബർ തോട്ടങ്ങളിലെ ചിരട്ടകൾ എടുത്തു മാറ്റണമെന്നും നിർദേശിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ സഹകരണത്തോടെ ഫോഗിങ് നടത്തി.ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ തുടർച്ചയായാണ് ഫോഗിങ് ചെയ്തത്. പഞ്ചായത്തംഗം ബാലൻ പുതുശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.മനോജ്, ജെഎച്ച്ഐ സി.ജി.ഷിബു, തലശ്ശേരി ഡിവിസി യൂണിറ്റിലെ ഫീൽഡ് അസിസ്റ്റന്റുമാരായ ഷാൻ, പ്രജീഷ്, ഫീൽഡ് വർക്കർമാരായ നിഷ, അശ്വിനി, ആശാപ്രവർത്തക ഷീജ കാമട്ടം എന്നിവർ നേതൃത്വം വഹിച്ചു.