
വിനോദകാലേ വിപരീത യാത്ര; സൗകര്യങ്ങളും സുരക്ഷയും ചോദിച്ചാൽ നെടുവീർപ്പിട്ട് ഉദ്യോഗസ്ഥർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സഹ്യപർവത നിരകൾ സംസ്ഥാനത്തിനു കനിഞ്ഞു നൽകിയ പ്രകൃതി ഭംഗി പ്രയോജനപ്പെടുത്തിയാൽ അതിന്റെ യഥാർഥ ഗുണഭോക്താക്കൾ ആരായിരിക്കും ? ഒന്നാമത്തേത് ടൂറിസം വകുപ്പ്, രണ്ടാമത്തേത് വനം വകുപ്പ്. മനോഹരമായ കുന്നുകളും വനവും വെള്ളച്ചാട്ടവും അരുവികളും നിറഞ്ഞ ഭൂപ്രദേശം കാണാനും സമയം ചെലവിടാനും എത്തുന്ന സഞ്ചാരികൾക്ക് ജില്ലയിൽ ഒരു കുറവുമില്ല. അവരിൽ നിന്നെല്ലാം ഫീസും പിരിക്കുന്നുണ്ട്. എന്നാൽ തിരികെ, അവർക്ക് എന്തു സൗകര്യങ്ങളും സുരക്ഷയും നൽകുന്നു എന്നു ചോദിച്ചാൽ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടും ഉദ്യോഗസ്ഥർ!
പത്തനംതിട്ട കോന്നി ആനക്കൊട്ടിലിൽ വേലിക്കല്ല് ഇളകി വീണ് പരുക്കേറ്റ കുട്ടി മരിക്കാനിടയായപ്പോഴാണ് വനം വകുപ്പ് തൽക്കാലം ഉണർന്നത്. താഴേക്കിടയിലുള്ള കുറച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ‘ഈ ഉദ്യോഗസ്ഥർ മാത്രമാണോ വീഴ്ചയ്ക്ക് ഉത്തരവാദികൾ ?’ എന്ന ചോദ്യം വകുപ്പിനുള്ളിൽ നിന്നു തന്നെയാണ് ഉയരുന്നത്. വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് പത്തു വർഷം മുൻപ് ഒരു പഠനം നടത്തിയിരുന്നു എന്നും അടിയന്തരമായി പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് അന്നത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു എന്നു വനം വകുപ്പിന് പെട്ടെന്ന് ബോധോദയം ഉണ്ടായി.
അതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും സംസ്ഥാനത്തെ 71 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശിച്ചിരിക്കുകയാണ് വനം വകുപ്പ് ഇപ്പോൾ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസത്തിനാണ് പഠനച്ചുമതല.ഈ പഠനത്തിനു ശേഷവും മേയിൽ ഏജൻസി വലിയൊരു റിപ്പോർട്ട് നൽകുമെന്ന് ഉറപ്പാണ്. ആ റിപ്പോർട്ട് പതിവു പോലെ അലമാരയിലേക്ക് ഒതുങ്ങാതിരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രനും ഉദ്യോഗസ്ഥരുമാണ് മുൻകൈ എടുക്കേണ്ടത്.
ഇനി മുതൽ എല്ലാ വർഷവും അവധിക്കാലം തുടങ്ങുന്നതിനു മുൻപ്, ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നാണ് നിർദേശം.ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ തുഷാരഗിരി, പെരുവണ്ണാമൂഴി, കക്കയം, കക്കാട്, കാക്കവയൽ, ജാനകിക്കാട് എന്നിവിടങ്ങൾ സന്ദർശിച്ചപ്പോൾ ദയനീയമായ കാഴ്ചകളാണ് കണ്ടത്. സുരക്ഷയ്ക്കായി പറയുന്ന നിർദേശങ്ങൾ ഒരിടത്തും പാലിച്ചിട്ടില്ല.
നിർദേശങ്ങളുണ്ട്, പക്ഷേ..
∙ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി ഒട്ടേറെ കാര്യങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ മിക്കതും കടലാസിൽ മാത്രമേ ഉള്ളൂ എന്നതാണ് യഥാർഥ സ്ഥിതി.
∙ അര ദിവസത്തെ ട്രക്കിങ്ങിന് 20 പേർക്ക് ഒരു ഗൈഡ്
∙ ഒരു ദിവസത്തെ ട്രക്കിങ്ങിന് 10 പേർക്ക് ഒരു ഗൈഡ്
∙ രണ്ടു ദിവസത്തെ ട്രക്കിങ്ങിന് 5 പേർക്ക് ഒരു ഗൈഡ്
∙ അതിൽ കൂടുതൽ ദിവസത്തേക്കുള്ള ട്രക്കിങ്ങിന് 3 പേർക്ക് ഒരു ആയുധധാരിയായ ഗൈഡ്.
∙ പരിസ്ഥിതി പരിചയപ്പെടുത്താൻ പ്രത്യേക മുറിയും സംവിധാനങ്ങളും വേണം. യാത്രയിൽ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് പ്രവേശന ടിക്കറ്റിന്റെ മറുവശത്ത് അച്ചടിക്കണം.
∙ റിസപ്ഷനിൽ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ വേണം. സ്ട്രെച്ചർ, വീൽച്ചെയർ എന്നിവ ഉണ്ടാകണം. ജീവനക്കാർക്ക് പ്രഥമശുശ്രൂഷയിൽ പരിശീലനവും നൽകണം.
∙ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വാഹനം വേണം. അതിൽ സ്ട്രെച്ചറും പ്രഥമശുശ്രൂഷാ കിറ്റും. പരിസരത്തുള്ള ആശുപത്രിയുമായി ബന്ധം ഉണ്ടാകണം.
∙ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും നിർബന്ധം. ഡ്രൈവർമാർക്ക് ലൈസൻസ് നിർബന്ധം. രണ്ടാഴ്ചയിലൊരിക്കൽ വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധിക്കണം.
∙ സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്ക് ഇക്കോ ടൂറിസം ഓഫിസറുടെ ചുമതല നൽകണം. ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ എല്ലാ ഗൈഡുകൾക്കും ലഭ്യമാക്കണം.
∙ ബോട്ടിങ് കേന്ദ്രങ്ങളിൽ ശ്രദ്ധിക്കേണ്ടത്: ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം. ഐആർഎസ് മാനദണ്ഡങ്ങൾ നിർബന്ധം. 25 യാത്രക്കാർക്ക് ഒരു ലൈഫ് ഗാർഡ് എന്ന അനുപാതത്തിൽ ജീവനക്കാർ വേണം. കുട്ടികൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നിർബന്ധം. ഒരു റെസ്ക്യൂ ബോട്ട് നിർബന്ധം. സുരക്ഷാ കാര്യങ്ങൾ നിർദേശിക്കാൻ ഓഡിയോ –വിഡിയോ സംവിധാനം വേണം. ബോട്ടിൽ ഇരിക്കാൻ പറ്റുന്നതിൽ കൂടുതൽ ആളുകളെ കയറ്റരുത്.
∙ വെള്ളച്ചാട്ട കേന്ദ്രങ്ങളിൽ ശ്രദ്ധിക്കേണ്ടത്: വെള്ളം കുത്തിവീഴുന്ന സ്ഥലങ്ങളിൽ സന്ദർശകരെ അനുവദിക്കരുത്. ബാരിക്കേഡുകൾ വേണം. നീന്തൽ അറിയാവുന്ന പുരുഷ, വനിതാ ഗൈഡുകൾ നിർബന്ധം. കുറഞ്ഞത് 5 ലൈഫ് ബോയ് ഉണ്ടാകണം. കുളിക്കുന്നതിനായി സുരക്ഷിതമായ പ്രദേശം ഒരുക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും കുളിക്കാൻ പ്രത്യേകം സ്ഥലം. സന്ദർശകർക്കുള്ള നിർദേശങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കണം. സ്ഥലത്ത് മരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കണക്ക് പ്രദർശിപ്പിക്കണം. വെള്ളച്ചാട്ടം വരെയുള്ള വഴിയിൽ ഹാൻഡ്റെയിൽ നിർബന്ധം.
∙ വ്യൂ പോയിന്റുകളിൽ ശ്രദ്ധിക്കേണ്ടത്: അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ. മുകളിലേക്കുള്ള വഴിയിൽ ഹാൻഡ് റെയിലുകൾ നിർബന്ധം. പാറപ്പുറത്ത് നിൽക്കുന്നത് പരമാവധി അനുവദിക്കരുത്. ശക്തമായ കാറ്റ് ഉണ്ടാവുമെന്നതിനാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കരുതെന്ന് മുന്നറിയിപ്പു നൽകണം. മുന്നറിയിപ്പുകൾ നൽകാൻ കയ്യിൽ കൊണ്ടു നടക്കാവുന്ന മെഗാഫോണുകൾ വേണം.
∙ വന്യമൃഗ സങ്കേതങ്ങളിൽ ശ്രദ്ധിക്കേണ്ടത്: മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെ മാത്രമായിരിക്കണം യാത്ര. മൃഗങ്ങളിൽ നിന്നു സുരക്ഷിതമായ അകലം പാലിക്കണം. ആനകളിൽ നിന്ന് 100 മീറ്ററെങ്കിലും അകലം വേണം. കടുത്ത നിറങ്ങളിലുള്ള വസ്ത്രം ഒഴിവാക്കണം. ട്രക്കിങ് ഷൂ ധരിക്കണം. മൃഗങ്ങൾ അകന്നു പോയി എന്ന് ഉറപ്പാകുന്നതു വരെ സന്ദർശകരുടെ നീക്കം നിയന്ത്രിക്കണം. ബഹളമുണ്ടാക്കരുത്. സഫാരി വാഹനത്തിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കരുത്.