
തൃശൂര്‍: 180 ഗ്രാം എംഡിഎംഎയുമായി കൊടകരയില്‍ രണ്ട് പേര് പിടിയില്‍. ‘ഡാര്‍ക്ക് മര്‍ച്ചന്റ്’ എന്ന് അറിയപ്പെടുന്ന ഇരിങ്ങാലക്കുട കല്ലംകുന്ന് ചിറയില്‍ വീട്ടില്‍ ദീപക് രാജു (30), എറണാകുളം ജില്ലാ നോര്‍ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22)എന്നിവരാണ് കൊടകര പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. ബംഗളൂരുവിൽ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസില്‍ എത്തി കൊടകരയില്‍ ഇറങ്ങി മേല്‍പാലത്തിന് കീഴില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. 10 ലക്ഷം രൂപ ചില്ലറ വിപണിയില്‍ വില വരുന്ന ഈ മയക്കുമരുന്ന് ബംഗളൂരുവിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നല്‍കിയാണ് ഇവര്‍ വാങ്ങിയത്. പ്രതികളുള്‍പ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വിൽപ്പനക്കാരനായ ദീപക് മുന്‍പും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ജയിലില്‍നിന്ന് ഇറങ്ങിയ ശേഷവും ഇയാള്‍ ലഹരിക്കടത്തും വിൽപ്പനയും തുടരുകയായിരുന്നു.
ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയില്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, ചാലകുടി ഡിവൈഎസ്പി കെ സുമേഷ്, എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ എന്‍ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]