
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ബന്ധം വഷളാകുന്നത് റീറ്റെയ്ൽ നിക്ഷേപകർക്കിടയിൽ യുദ്ധഭയത്തിന് കാരണമായെങ്കിലും ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടമുറപ്പിച്ചു. റിലയൻസിന്റെ റിസൾട്ടിന്റെ പിൻബലത്തിൽ നേട്ടത്തോടെ ആഴ്ച തുടങ്ങിയ ഇന്ത്യൻ വിപണിക്ക് വിദേശ-ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയാണ് നിർണായകമായത്.
വിദേശഫണ്ടുകൾ ചൈനവിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്നത് തുടരുന്നതും ഏപ്രിലിൽ വാഹന വില്പന മെച്ചപ്പെട്ടതും മോശമല്ലാത്ത റിസൾട്ടുകളും ഇന്ത്യൻ വിപണിയെ പാകിസ്താനുമായുള്ള സംഘർഷ ഭീതിയിൽ നിന്നും കരകയറാൻ സഹായിച്ചു. ഇന്ത്യൻ രൂപ ഡോളറിനെതിരെ മെച്ചപ്പെട്ടതും, ക്രൂഡ് ഓയിൽ വില വീഴുന്നതും വിപണിയെ സഹായിക്കും.
മുൻആഴ്ചയിൽ 24039 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24589 പോയിന്റ് വരെ മുന്നേറിയ ശേഷം 24346 പോയിന്റിലാണ് ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 79212 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് 81177 പോയിന്റ് വരെ മുന്നേറിയ ശേഷം 80501 പോയിന്റിലും ക്ളോസ് ചെയ്തു.
24500-24600 സമ്മർദ്ദമേഖല കടന്നുകിട്ടിയാൽ നിഫ്റ്റിക്ക് 25000 പോയിന്റാണ് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യമെന്ന ടെക്നിക്കൽ സൂചനയും, 24250, 24000 മേഖലകളിലെ പിന്തുണകളും അടുത്ത ആഴ്ചയിൽ നിർണായകമാണ്. അമേരിക്കൻ വിപണിയുടെ മികച്ച ക്ളോസിങ് വിപണിക്ക് തിങ്കളാഴ്ചയും മികച്ച തുടക്കം നൽകിയേക്കാം. എസ്ബിഐയുടെയും കോട്ടക് മഹിന്ദ്ര ബാങ്കിന്റെയും റിസൾട്ടുകളും തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.
രൂപയുടെ മുന്നേറ്റം
ഫെഡ് യോഗം നടക്കാനിരിക്കെ ഡോളർ ക്രമപ്പെടുന്നതും, ആർബിഐ വീണ്ടും പിന്തുണ നൽകിയതും ഇന്ത്യൻ രൂപക്ക് അനുകൂലമായി. വെള്ളിയാഴ്ച്ച ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറുമായുള്ള വ്യാപാരത്തിൽ 84.52/- എന്ന മികച്ച നിലയിലാണ് ക്ളോസ് ചെയ്തത്. 2025ൽ ആദ്യമായി ഡോളർ നിരക്ക് 84 രൂപക്കു താഴെ വന്നു.
ഫെഡ് റിസർവിന്റെ തീരുമാനങ്ങൾ ഡോളറിനെ സ്വാധീനിക്കുന്നത് രൂപയെയും, രൂപയുടെ ചലനങ്ങൾ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളെയും സ്വാധീനിക്കും.
അമേരിക്ക-ചൈന ചർച്ചസാധ്യത
മികച്ച തൊഴിൽ ഡേറ്റക്കും ഏണിങ് റിപ്പോർട്ടുകൾക്കുമൊപ്പം ചൈന അമേരിക്കയുമായി വ്യാപാര ചർച്ചക്ക് തയ്യാറാകുന്നു എന്ന സൂചനയുടെ പിന്തുണയിൽ അമേരിക്കൻ വിപണി വെള്ളിയാഴ്ചയും കുതിപ്പ് നടത്തി. തുടർച്ചയായ ഒൻപതാം ദിവസവും മുന്നേറിയ അമേരിക്കയുടെ എസ്&പി-500 സൂചിക 2004 ശേഷമുള്ള ഏറ്റവും നീണ്ട മുന്നേറ്റമാണ് കാഴ്ച വച്ചത്. നാസ്ഡാക്ക് കഴിഞ്ഞ ആഴ്ചയിൽ 3.30%ൽ കൂടുതൽ മുന്നേറിയപ്പോൾ എസ്&പി-500 2.75%വും, ഡൗ ജോൺസ് 2.85%വും മുന്നേറിയിരുന്നു.
താരിഫ് പ്രഖ്യാപനങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ചൈനയുടെ ഭാഗത്ത് നിന്നും അമേരിക്കയുമായി ചർച്ചക്ക് തയ്യാറാണെന്ന സൂചന വരുന്നത്. അമേരിക്കൻ കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയ യൂറോപ്യൻ, ഏഷ്യൻ വിപണികൾ തുടർന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഫെഡ് യോഗം
അമേരിക്കൻ ഫെഡ് റിസർവിന്റെ യോഗം അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. അമേരിക്കയുടെ ജിഡിപി ആദ്യപാദത്തിൽ വളർച്ച ശോഷണം കുറിച്ചതും, തൊഴിൽ ഡേറ്റയിലെ മുന്നേറ്റവും ഫെഡ് ചെയർമാനെ മാറ്റണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് വിപണിയുടെ അനുമാനം.
2024 ഡിസംബറിൽ 4.50 ശതമാനത്തിലേക്ക് കുറച്ച അമേരിക്കൻ ഫെഡ് നിരക്ക് 2025ൽ രണ്ട് തവണ കുറക്കുമെന്നായിരുന്നു ഫെഡ് യോഗം നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാൽ താരിഫ് യുദ്ധം തൊഴിലവസരങ്ങൾക്കൊപ്പം പണപ്പെരുപ്പക്കെടുതികളും വർദ്ധിപ്പിക്കുമെന്ന് ഫെഡ് ചെയർമാൻ വാദിച്ചത് അമേരിക്കൻ നിക്ഷേകർക്കൊപ്പം പ്രസിഡന്റ് ട്രംപിനെയും നിരാശപ്പെടുത്തിയിരുന്നു. ഫെഡ് ചെയർമാന്റെ പുതിയ നയപ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് വിപണി.
ഓഹരികളും സെക്ടറുകളും
∙പലിശവരുമാനത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും എസ്ബിഐ മുൻവർഷത്തിൽ നിന്നും 10% വീഴ്ചയോടെ 18643 കോടിയുടെ അറ്റാദായമാണ് നാലാം പാദത്തിൽ കുറിച്ചത്. മുൻപാദത്തിൽ നിന്നും മുന്നേറ്റം കുറിച്ച അറ്റാദായം അനുമാനത്തിനൊപ്പമെത്തിയതും അനുകൂലമാണ്. ആസ്തിമൂല്യം മെച്ചപ്പെടുത്തിയ ബാങ്ക് കിട്ടാക്കട അനുപാതവും മെച്ചപ്പെടുത്തി.
∙15.9 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് 25000 കോടി രൂപയുടെ മൂലധനസമാഹരണത്തിനും അനുമതി നൽകി.
∙ലാഭത്തിൽ മുൻവർഷത്തിൽ നിന്നും 14% കുറവ് രേഖപ്പെടുത്തിയ കൊടക് മഹിന്ദ്ര ബാങ്കിന് വിപണി അനുമാനത്തിനൊപ്പമെത്താനും സാധിച്ചില്ല. മാർച്ച് പാദത്തിൽ പ്രൊവിഷനിൽ വന്ന വൻ വർദ്ധനയാണ് അറ്റാദായത്തിൽ കുറവ് വരാൻ കാരണമായത്. കിട്ടാക്കടാനുപാതം മെച്ചപ്പെട്ടതും, അസറ്റ് ക്വാളിറ്റി വർദ്ധിച്ചതും ബാങ്കിന് അനുകൂലമാണ്.
∙ഐഓസി, അദാനി പോർട്സ്, ജെഎസ്ഡബ്ള്യു ഇൻഫ്രാ, വേദാന്ത, വരുൺ ബിവറേജസ്, പരസ് ഡിഫൻസ്, നുവോകോ വിസ്താസ്, ഫോബ്സ് & കമ്പനി, ഐഓബി, ഗോദ്റെജ് അഗ്രോ, എൽജി ബാലകൃഷ്ണൻ &ബ്രദേഴ്സ്, ഹോംഫസ്റ്റ് ഫിനാൻസ് മുതലായ കമ്പനികളും മുൻവർഷത്തിൽ നിന്നും 20%ൽ അധികം നേട്ടമുണ്ടാക്കി.
∙വേദാന്ത അറ്റാദായത്തിൽ മുൻവർഷത്തിൽ നിന്നും ഇരട്ടിയിലധികം വർദ്ധന നേടിയത് ഓഹരിക്ക് അനുകൂലമാണ്. കമ്പനിയുടെ വിഭജനം വർഷാവസാനത്തോടെ പ്രതീക്ഷിക്കുന്നു.
∙മുൻവർഷത്തിൽ നഷ്ടം കുറിച്ച വി-മാർട്ട് ഇത്തവണയും അറ്റാദായം നേടിയെങ്കിലും കഴിഞ്ഞ പാദത്തിൽ 72 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിക്ക് ഇത്തവണ 19 കോടി രൂപയുടെ അറ്റാദായ സ്വന്തമാക്കാനെ കഴിഞ്ഞുള്ളു.
∙എഎഎ ടെക്നോളജീസ് അറ്റാദായം 11 ലക്ഷത്തിൽ നിന്നും ഒരു കോടിയിലേക്കെത്തിച്ചത് ഓഹരിക്ക് അനുകൂലമാണ്.
∙മികച്ച വരുമാനവളർച്ചയുടെ പിൻബലത്തിൽ ആർആർ കേബിൾ അറ്റാദായം 79 കോടിയിൽ നിന്നും 129 കോടിയിലേക്കുയർത്തി.
∙ഡിക്സൺ ടെക്നോളജിയും, ഒപ്റ്റിമസ് ഇലക്ട്രോണിക്സും തായ്വാനീസ് കമ്പനികളുമായി ചേർന്ന് പുതിയ ഉത്പാദനകമ്പനികൾ സ്ഥാപിക്കാൻ തീരുമാനമെടുത്തത് ഇരു ഓഹരികൾക്കൊപ്പം ഇന്ത്യൻ മാനുഫാക്ച്ചറിങ് മേഖലക്ക് തന്നെയും അനുകൂലമാണ്.
∙ഏപ്രിലിൽ മഹിന്ദ്ര മുൻവർഷത്തിൽ നിന്നും 18% വാഹനവില്പന വർദ്ധന സ്വന്തമാക്കി. തിങ്കളാഴ്ചയാണ് എം&എം റിസൾട്ട് പ്രഖ്യാപിക്കുന്നത്.
∙മാരുതി ഏപ്രിലിൽ മുൻവർഷത്തിൽ നിന്നും 7% വില്പനവർദ്ധന കുറിച്ചപ്പോൾ ടാറ്റ മോട്ടോഴ്സ് 7% വില്പന വീഴ്ചയും കുറിച്ചു. ഹ്യുണ്ടായി മോട്ടോഴ്സ് ഏപ്രിലിൽ 21% വില്പന വർധനയും നേടി.
∙വിഎസ്ടി റ്റില്ലേഴ്സ് മുൻവർഷത്തിൽ നിന്നും 94% വില്പന വർദ്ധനയോടെ 2320 ട്രാക്ടറുകളുടെ വില്പനയും ഏപ്രിലിൽ സ്വന്തമാക്കി.
∙എസ്എംഎൽ ഇസുസു 43% വില്പന വർദ്ധനയും ഏപ്രിലിൽ നേടി. 1512 വാഹനങ്ങളാണ് കമ്പനി ഏപ്രിലിൽ വില്പന നടത്തിയത്.
∙ഇൻഡസ്ട്രിയൽ പൈപ്പ് ഉത്പാദകരായ മാൻ ഇൻഡസ്ട്രീസിന്റെ സൗദി അറേബ്യയിലെ ഉല്പാദനകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
മഹിന്ദ്ര & മഹിന്ദ്ര, ഇന്ത്യൻ ഹോട്ടൽ, കോഫോർജ്, ബോംബെ ഡൈയിങ്, പ്രതാപ് സ്നാക്സ്, ജമ്മു & കാശ്മീർ ബാങ്ക്, ഈതോസ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കും.
കോൾ ഇന്ത്യ, ഹിന്ദ് പെട്രോ, എൽ&ടി, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, പോളി ക്യാബ്സ്, കീ ഇൻഡസ്ട്രീസ്, ബ്ലൂസ്റ്റാർ, എബിബി, ഡോക്ടർ റെഡ്ഡീസ്, ഗോദ്റെജ് കൺസ്യൂമർ, ഡാബർ, യൂബിഎൽ, പേടിഎം, മുത്തൂറ്റ് ഫിനാൻസ്, എംസിഎക്സ്, കല്യാൺ ജ്വല്ലറി, ധനലക്ഷ്മി ബാങ്ക് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ലോകവിപണിയിൽ അടുത്ത വാരം
∙മെയ് ആറ്, ഏഴ് തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ നയാവലോകനയോഗം നടക്കുന്നത്. മെയ് ഏഴിന്, ബുധനാഴ്ച ഫെഡ് റിസർവ് പുതിയ നയങ്ങളും നിരക്കുകളും പ്രഖ്യാപിക്കും.
∙തിങ്കളാഴ്ച അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, വ്യാഴാഴ്ച ജോബ് ഡേറ്റയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙ഇന്ത്യയുടേയും, ചൈനയുടെയും സർവീസ് പിഎംഐ ഡേറ്റകളും ചൊവ്വാഴ്ച പുറത്ത് വരുന്നു.
∙ചൈന, ജപ്പാൻ, കൊറിയ, ഹോങ്കോങ് വിപണികൾക്ക് തിങ്കളാഴ്ച അവധിയാണ്. ജാപ്പനീസ്, കൊറിയൻ വിപണികൾക്ക് ചൊവ്വാഴ്ചയും അവധിയാണ്.
സ്വർണം
കഴിഞ്ഞ ആഴ്ചയിൽ ഔൺസിന് 3509 ഡോളറെന്ന റെക്കോർഡ് ഉയരം കുറിച്ച് രാജ്യാന്തര സ്വർണവില രണ്ടേകാൽ ശതമാനം ആഴ്ചനഷ്ടത്തോടെ 3257 ഡോളറിലാണ് ക്ളോസ് ചെയ്തത്. ചൈനയും അമേരിക്കയും തമ്മിലുള്ള താരിഫ് യുദ്ധത്തിന് അയവ് വരുന്നത് സ്വർണ വിലയുടെ വീഴ്ചക്ക് കാരണമായേക്കം,
ക്രൂഡ് ഓയിൽ
ഉത്പാദനം കുറയ്ക്കുന്ന തീരുമാനത്തെച്ചൊല്ലി രണ്ട് ഭാഗമായി പിരിഞ്ഞു കലഹിക്കുന്ന ഒപെക് ജനുവരി അഞ്ചിന് നിർണായക യോഗം ചേരുന്നത് ക്രൂഡ് ഓയിൽ വിലയിലും വലിയ ചാഞ്ചാട്ടത്തിന് കാരണമായേക്കാം. മെയ് ഒന്നിന് വീണ്ടും 60 ഡോളറിന് താഴെ വന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ബാരലിന് 61.29 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക