
മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് തകർന്നു, 5 ദിവസങ്ങൾക്കുള്ളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് 5 ദിവസങ്ങൾക്കുള്ളിൽ തകർന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തു കൂടിയുള്ള റോഡിലാണ് അധികൃതർ ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുള്ള മിനുക്ക് പണി നടത്തിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി. കുഴിയും വഴിയുമറിയാതെയുള്ള ജനത്തിന്റെ യാത്ര വീണ്ടും തുടരണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അബാൻ മേൽപാലം പണി നടക്കുന്നതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്ത് കൂടിയുള്ള റോഡ് ഏറെ നാളായി തകർന്ന് കിടക്കുകയായിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ ശ്രമമുണ്ടായില്ല.
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം പ്രമാണിച്ചുള്ള സമ്മേളന വേദിയായി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വടക്കേ യാഡ് നിശ്ചയിച്ചത് അറിഞ്ഞതോടെ അധികൃതർ ഉണർന്നു. ഉദ്ഘാടകനായി എത്തുന്ന മുഖ്യമന്ത്രിയുടെ വാഹനം ഇവിടേക്കെത്തുമ്പോൾ കുഴികളിൽ ചാടാതിരിക്കാനായി അറ്റകുറ്റപ്പണിയും ടാർ പൂശലും ഉടനടി നടത്തി. മഴയെപ്പോലും അവഗണിച്ചായിരുന്നു പണി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന പാതയിലെ കുഴികൾ മാത്രം അടയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വകാര്യ സ്റ്റാൻഡ് മുതൽ കെഎസ്ആർടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ തകർന്ന നിലയിലുള്ള റോഡിലെ കുഴികൾ അടച്ചതുമില്ല. അധികൃതരുടെ ഈ സമീപനത്തിന് എതിരെ വലിയ പ്രതിഷേധവും രൂപപ്പെട്ടു.