
മച്ചിങ്ങയേറിൽ നിന്ന് ഏലിക്കുട്ടിക്ക് ആശ്വാസം; പുരയിടത്തിലേക്ക് ചാഞ്ഞു നിന്ന മരങ്ങൾ മുറിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെമ്പനോട ∙ കുരങ്ങുകൂട്ടത്തിന്റെ മച്ചിങ്ങയേറ് ഉൾപ്പെടെയുള്ള ആക്രമണത്തിൽ നിന്നും രോഗിയും വിധവയുമായ വീട്ടമ്മ ഏലിക്കുട്ടിക്കു താൽക്കാലിക ആശ്വാസമായി വനഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റി. വനത്തിൽ നിന്നും 30 മീറ്റർ ദൂരത്തിൽ താമസിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിൽ രണ്ടാം വാർഡിലെ ചെമ്പനോട ഉണ്ടംമൂല തുണ്ടത്തിക്കുന്നേൽ ഏലിക്കുട്ടി ജോസിന്റെ പുരയിടത്തിലേക്ക് ചാഞ്ഞു നിന്ന വനത്തിലെ മരങ്ങളിലൂടെയാണു കുരങ്ങുകൂട്ടങ്ങൾ കൃഷിയിടത്തിൽ നാശം വിതച്ചിരുന്നത്. വന്യമൃഗ ശല്യത്തിൽ വീട്ടമ്മയുടെ ദുരിതം സംബന്ധിച്ച് മാർച്ച് 30ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണു നടപടി ഉണ്ടായത്.
കൃഷിയിടത്തിലേക്ക് ചാഞ്ഞു നിന്ന 4 മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റിയതോടെ കുരങ്ങ് ശല്യത്തിനു താൽക്കാലിക പരിഹാരമായി. പഞ്ചായത്ത് മെംബർ കെ.എ.ജോസുകുട്ടി ഇടപെട്ടാണു മരങ്ങൾ മുറിക്കാൻ നടപടിയെടുത്തത്. പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ. ബൈജുനാഥ് നിർദേശങ്ങൾ നൽകി. ചൊവ്വാഴ്ച രാത്രിയിലും ഏലിക്കുട്ടിയുടെ വീടിന്റെ മുറ്റത്തെ പ്ലാവിൽ നിന്നും കാട്ടാന ചക്ക പറിച്ചു നാശം വരുത്തിയിരുന്നു. വന്യമൃഗ ശല്യത്തിൽ നിന്നു ജീവൻ രക്ഷിക്കാൻ തോക്ക് അനുവദിക്കണമെന്നും വീട്ടമ്മ ആവശ്യപ്പെടുന്നുണ്ട്.