
അത്താണി വ്യവസായ പാർക്കിൽ ചിതലരിച്ച് അനാസ്ഥ; മുറിച്ചിട്ട തേക്കിൻ തടികൾ 2 വർഷമായി ചിതലെടുത്തു നശിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളങ്കുന്നത്തുകാവ് ∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള അത്താണി വ്യവസായ പാർക്കിൽ നിന്നു മുറിച്ചു നീക്കിയ തേക്കിൻ തടികൾ രണ്ടു വർഷമായി ചിതലെടുത്തു നശിക്കുന്നു. വ്യവസായ യൂണിറ്റുകളിൽ നിന്നു പലപ്പോഴായി മുറിച്ചു നീക്കിയ തടികളാണു തുടർ നടപടികൾ വൈകുന്നതിനാൽ വെയിലും മഴയും കൊണ്ട് ഉണങ്ങി ദ്രവിച്ച് ഇല്ലാതാകുന്നത്. മതിയായ അനുമതിയില്ലാതെയാണു തേക്കു മരങ്ങൾ മുറിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിൽക്കുന്ന മരം മുറിച്ചു നീക്കണമെങ്കിൽ വനംവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
മുറിച്ച മരങ്ങൾ ലേലം ചെയ്തു മാറ്റണമെങ്കിലും വനംവകുപ്പിന്റെ വില നിശ്ചയിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണം. ഇത്തരം നടപടികൾ പൂർത്തീകരിക്കാത്തതാണു മരങ്ങൾ നീക്കം ചെയ്യാൻ തടസ്സമാകുന്നതെന്ന വിവരമാണു പുറത്തു വരുന്നത്.വ്യവസായ പാർക്കിലെ പ്രധാന പ്രവേശന കവാടത്തിനു സമീപമുള്ള സിഡ്കോയുടെ നിയന്ത്രണത്തിലുള്ള പ്ലോട്ടിലാണ് തേക്കിൻ തടികൾ കൂട്ടിയിട്ടിരിക്കുന്നത്. വെളപ്പായ വില്ലേജിൽ നിന്നിരുന്ന മരം മുറിച്ചു പെരിങ്ങണ്ടൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രധാന റോഡിനോടു സമീപമുള്ള പ്ലോട്ടിൽ കൂട്ടിയിട്ട നടപടിയിലും ദുരൂഹതയുണ്ട്.
മരം രാത്രി എളുപ്പം കടത്തിക്കൊണ്ടുപോകാൻ സൗകര്യത്തിനു വേണ്ടിയാണു റോഡിനോട് ചേർന്നുള്ള സ്ഥലത്ത് ഉടമയുടെ അനുമതിയില്ലാതെ കൂട്ടിയിട്ടിരിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.മരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഡ്കോ ഒന്നര മാസം മുൻപ് ബന്ധപ്പെട്ട അധികൃതർക്കു കത്തു നൽകിയിരുന്നു. ഓയിൽ സംസ്കരണ യൂണിറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന വ്യവസായ പാർക്കിൽ ഉണങ്ങിയ മരങ്ങൾ കൂട്ടിയിടുന്നത് അഗ്നിബാധ ഭീഷണിക്ക് ഇടയാക്കുന്നതായി വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു.