
അപകടമൊഴിയാതെ നെല്ലാപ്പാറ; കാരണം കൊടുംവളവും അശാസ്ത്രീയ നിർമാണവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ മൂവാറ്റുപുഴ– പുനലൂർ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന തൊടുപുഴ – പാലാ റോഡിലെ നെല്ലാപ്പാറയിൽ അപകടമൊഴിയുന്നില്ല. ഇവിടത്തെ വളവുകൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഇന്ന് പേടിസ്വപ്നമാണ്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പാലാ ഭാഗത്തുനിന്ന് വിറകു കയറ്റിവന്ന ലോറി വളവിൽ മറിഞ്ഞതാണ് ഒടുവിലത്തേത്. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബാരിക്കേഡിൽ തങ്ങിനിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്. ഈ ഭാഗത്ത് കുത്തിറക്കവും തുടർച്ചയായ വളവുകളുമാണ്. കൊടുംവളവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.
പതിവ് അപകട സ്പോട്ടായ കുരിശുപള്ളി വളവിൽ വാഹനങ്ങളിടിച്ച് വർഷങ്ങളായി തകർന്നു കിടന്ന ബാരിക്കേഡ് ഈയിടെയാണ് പുനഃസ്ഥാപിച്ചത്. ഇതിനു മുൻപും ഇവിടെ ഒട്ടേറെ തവണ അപകടമുണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ്, ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തടിലോറി കുരിശുപള്ളി വളവിനു തൊട്ടുമുൻപായി വീടിന്റെ കൽക്കെട്ടിലും സോളർ ലൈറ്റിന്റെ പോസ്റ്റിലും ഇടിച്ചു നിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത്. ഇതിനു ശേഷമാണ് ഇവിടെ ബാരിക്കേഡ് പുനഃസ്ഥാപിച്ചത്. ഏതാനും വർഷം മുൻപ് കെഎസ്ആർടിസി ബസ് വളവിൽ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചെങ്കിലും മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇരുട്ട് വില്ലൻ
വെളിച്ചമില്ലായ്മ ഈ ഭാഗത്ത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്ത് കനത്ത ഇരുട്ടാണ്. മിക്ക അപകടങ്ങളും രാത്രിയാണ് സംഭവിക്കുന്നത് എന്നത് ഇതിനെ ബലപ്പെടുത്തുന്നു. റോഡ് നിർമാണ സമയത്ത് സ്ഥാപിച്ച സോളർ ലൈറ്റുകൾ എല്ലാം ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കേടായതാണ്. ഇതുവരെ ഇതു പുനഃസ്ഥാപിക്കാത്തതിനെതിരെ പല തവണ പരാതിയുയർന്നതാണ്. ഇടുക്കി ജില്ല തുടങ്ങുന്ന നെല്ലാപ്പാറ മുതൽ തൊടുപുഴ വരെയുള്ള പതിനഞ്ചിലേറെ കൊടുംവളവുകളിൽ ഇരുട്ടാണ്. ഇതിൽ പലതിലും മരണങ്ങൾ സംഭവിച്ചിട്ടുമുണ്ട്.
നിവരില്ല ഈ വളവുകൾ
നൂറ്റാണ്ട് പഴക്കമുള്ള റോഡിലെ വളവുകൾ അതേപടി നിലനിർത്തി റോഡിനു വീതി കൂട്ടിയപ്പോഴാണ് ഇവിടെ അപകടങ്ങൾ വർധിച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വളവ് ഇല്ലാതാക്കാൻ ഭൂമി ഏറ്റെടുത്തെങ്കിലും ഈ ശ്രമം പിന്നീട് ഉപേക്ഷിച്ചു. റോഡ് വീതി കൂട്ടിയതോടെ വാഹനങ്ങൾ അമിത വേഗത്തിൽ വരുന്നത് അപകടം ഇരട്ടിയാക്കുകയാണ്. ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഇവിടെ അപകടത്തിൽപെടുന്നത് പതിവായതോടെ അപകടമൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ അപകട സാധ്യത കുറയ്ക്കാൻ മോട്ടർ വാഹന വകുപ്പ് ഏതാനും നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പായിട്ടില്ലെന്നതാണ് വാസ്തവം.
നിർദേശങ്ങൾ
∙ ഇറക്കമുള്ള റോഡിൽ വേഗം നിയന്ത്രിക്കുന്നതിന് ആ ഭാഗത്ത് റംബിൾ സ്ട്രൈപ്സും റിഫ്ലക്ടീവ് സ്റ്റഡുകളും സ്ഥാപിക്കുക.
∙ ഒരു വശം വലിയ ഗർത്തമായതിനാൽ നല്ല ബലമുള്ള കോൺക്രീറ്റ് ബാരിയറുകൾ നിർമിക്കണം. ഇതിനു മുൻഭാഗത്ത് വാഹനങ്ങൾ ഇടിച്ചാൽ ആഘാതം കുറയ്ക്കുന്നതിന് റിഫ്ലക്ടറോടു കൂടിയ റബർ കുഷ്യനുള്ള റോളർ ഫെൻസ് സ്ഥാപിക്കുക.
∙ എല്ലാ വളവുകൾക്കും 50 മീറ്റർ മുൻപിൽ അപകട മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കുക.
∙ രാത്രിയിൽ മുന്നറിയിപ്പായി ഈ ഭാഗങ്ങളിൽ സോളർ ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിക്കുക.
∙ റോഡ് കാണുന്നതിന് കേടായ മുഴുവൻ വഴിവിളക്കുകളും പുനഃസ്ഥാപിക്കുക.
∙ സ്ഥിരമായി അപകടമുണ്ടാകുന്ന കുരിശുപള്ളി വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക. ഈ ഭാഗത്ത് പാലാ റോഡിൽ നിന്നു വരുന്നതിന് ചേർന്ന് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുക.