തെരുവു വിളക്കുകളുടെ ടൈമർ തകരാറിൽ: പകൽ ‘ഓൺ’ രാത്രി ‘ഓഫ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ നഗരത്തിലെ വഴിവിളക്കുകൾ സമയം മാറി കത്തുന്നു. തെരുവു വിളക്കുകൾ പകൽ പ്രകാശിക്കുകയും രാത്രി പ്രവർത്തന രഹിതമായി നിൽക്കുന്ന അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. പ്രധാന ജംക്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് വിളക്കുകൾ പോലും മിഴിയടച്ചിട്ടു മാസങ്ങളായി. മിച്ചൽ ജംക്ഷൻ, കരയംവട്ടം, തട്ടാരമ്പലം, ബുദ്ധ ജംക്ഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് വിളക്കുകളാണു നാളുകളായി പ്രകാശിക്കാത്തത്. ഉദ്ഘാടനം നടത്തുന്ന ഹൈമാസ്റ്റ് വിളക്കുകൾ മാസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുന്ന അവസ്ഥയാണ്. ബുദ്ധ ജംക്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ഒരു വർഷത്തിനുള്ളിൽ തകരാറിലായി.
ഇപ്പോൾ ബുദ്ധ മണ്ഡപത്തിലെ വിളക്ക് പ്രകാശിച്ചില്ലെങ്കിൽ ജംക്ഷൻ പൂർണമായും ഇരുട്ടിലാകുന്ന സ്ഥിതിയാണ്.നഗരസഭ പരിധിയിലെ ഭൂരിഭാഗം തെരുവു വിളക്കുകളും രാത്രി പ്രവർത്തിക്കാറില്ല എന്ന പരാതിയും വ്യാപകമാണ്. എന്നാൽ പകൽ സമയത്തു തെരുവു വിളക്കുകൾ കത്തി നിൽക്കുന്നത് നിത്യ കാഴ്ചയാണ്. ടൈമർ തകരാർ ആയതിനാലാണു പകൽ വിളക്കുകളുടെ പ്രവർത്തനം തെറ്റാൻ കാരണമായി കൗൺസിലർമാർ പറയുന്നത്. ഇതു സംബന്ധിച്ചു പരാതി ചൂണ്ടിക്കാട്ടിയപ്പോൾ ടൈമർ നൽകിയ കമ്പനിയുടെ ഗാരന്റി കാലാവധി കഴിഞ്ഞു അവർ തകരാർ പരിഹരിക്കാൻ എത്തില്ല എന്നാണു മറുപടി ലഭിച്ചത്.
ടൈമർ വാങ്ങിയതു സംബന്ധിച്ചുള്ള കരാർ പോലും ഇല്ലെന്നാണു പൊതുജനങ്ങളുടെ പരാതി.തെരുവുനായക്കളുടെ ശല്യം ഏറെയുള്ള നഗരസഭ പരിധിയിൽ പ്രഭാതസവാരിക്ക് ഇറങ്ങുന്നവരാണു തെരുവുവിളക്ക് പ്രകാശിക്കാത്തതിനാൽ ഏറെ ദുരിതത്തിലായിരിക്കുന്നത്. തെരുവു നായയെ ഭയന്നു പലരും പ്രഭാത സവാരി ഉപേക്ഷിച്ചിരിക്കുകയാണ്. മാലിന്യം വലിച്ചെറിയാനായി എത്തുന്നവർക്കു തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് അവസരമായി മാറുകയും ചെയ്തു. പലരും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമായി നഗരസഭയിലെ ഇടറോഡുകളെ ആശ്രയിക്കുന്നതു ഇരുട്ടിന്റെ മറവിലാണ്.